കൊലപാതകം ആസൂത്രിതം!; പിന്നിൽ പ്രഫഷനൽ സംഘം?, ജനലഴി ഊരിമാറ്റി കൊലയാളികൾ എത്തി

By anilpayyampalli.14 06 2021

imran-azhar

 

 

 

പനമരം : മുഖംമൂടി ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം നാ്ട്ടിലെത്തിച്ച് സംസ്‌കരിച്ചു.

 

 


പനമരം താഴെ നെല്ലിയമ്പം കാവടം പത്മാലയത്തിൽ കേശവന്റെയും ഭാര്യ പത്മാവതിയുടെയും മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് മക്കളുടെയും കുടുംബക്കാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സ്ംസ്‌കരിച്ചത്.

 

 

 


കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 2 ആംബുലൻസുകളിലായി 3.17ന് സഹോദരൻ മാധവന്റെ വീട്ടിലെത്തി. ഇരുവർക്കും വീടിനു സമീപം അടുത്തടുത്തായി ചിതയൊരുക്കിയിരുന്നു.
വയോധികദമ്പതികൾ ചിതയിൽ ഒരേ സമയം എരിഞ്ഞു തീർന്നു.

 

 

 

കോവിഡ് നിയമം പാലിച്ചുള്ള ചടങ്ങുകൾക്ക് ശേഷം ഇവിടെ നിന്ന് എടുത്ത മൃതദേഹങ്ങൾ നാലിന് കാപ്പിത്തോട്ടത്തിന് നടുവിലുള്ള വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ വച്ചു. ചിത എരിഞ്ഞടങ്ങിയെങ്കിലും ഇവരുടെ ഘാതകരെ കണ്ടെത്താനോ ഇവരെക്കുറിച്ചുള്ള സൂചനകളോ പോലീസിന് ലഭിച്ചിട്ടില്ല.

 

 

എങ്കിലും മാനന്തവാടി ഡി.വൈ.എസ.്പി എ.പി ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തെ തുടർന്നു നാട്ടിൽ പല കഥകളും പ്രചരിക്കുന്നുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തിൽ തെളിയുമെന്ന പ്രത്യാശയിലാണു നാട്ടുകാർ.

 

 

 

താഴെ നെല്ലിയമ്പം റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവനും ഭാര്യ പത്മാവതിയും മുഖംമൂടി ധാരികളുടെ കുത്തേറ്റു കൊല്ലപ്പെട്ടത്. മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പത്തോളം ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

 

 

 

ഇന്നലെ ഇതിൽ ഒരു ടീമായ മീനങ്ങാടി എസ്‌ഐ ടി. ബിജുവിന്റെ നേതൃത്വത്തിൽ സംഭവം നടന്ന വീടും പരിസരവും കൃഷിയിടവും കുളങ്ങളും, വയലുകളും പുഴകളും ഒന്നര കിലോമീറ്റർ അകലെ വരെയുളള സ്ഥലങ്ങളും തെളിവിനായി അരിച്ചുപെറുക്കി.

 

 

എന്നാൽ പ്രതികൾ തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയാണ് കടന്നതെന്നാണു സൂചന. വീടുകൾ കയറിയും മൊബൈൽ ടവറും സി.സി.ടി.വി. ദ്യശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടന്നു വരുന്നു.

 

 

 

കൊല നടന്ന സമയത്ത് പ്രദേശത്ത് ആക്ടീവായ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണു പ്രധാന അന്വേഷണം. സംശയമുള്ള പലരെയും പൊലീസ് ഇന്നലെയും ചോദ്യം ചെയ്തു.

 

 


ഇന്നലെ ചില ബന്ധുക്കളെ വിളിച്ചും പൊലീസ് കാര്യങ്ങൾ തിരക്കിയിരുന്നു. ഇരട്ടക്കൊല ആസൂത്രിതമാണെന്നും കൊല നടത്തിയവർ പ്രഫഷനൽ സംഘം ആണെന്ന സംശയവും ഏറി.

 

 


മീനങ്ങാടി എസ്‌ഐ ടി. ബിജുവിന്റെ നേതൃത്വത്തിൽ വീടിനു പിന്നിലെ വയലിനോട് ചേർന്നുള്ള കുളവും പരിസരങ്ങളും പരിശോധിക്കുന്ന പോലീസ്.

 

 


വീട്ടിൽ നിന്ന് വസ്തുവകകൾ നഷ്ടപ്പെടാത്തതിനാൽ ആദ്യദിനം തന്നെ കൊലപാതകം ആസൂത്രിതമെന്ന നിലയിലേക്കു നീങ്ങിയിരുന്നു. വലിയ തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയാണു പ്രതികൾ കൃത്യത്തിനു ശേഷം കടന്നതെന്നാണു സൂചന.

 

 


കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികൾ എത്തിയതെന്നും കരുതപ്പെടുന്നു. കൊലയാളികൾക്ക് വീടും ആളുകളും മാറിപ്പോയതാവാമെന്ന സാധ്യതയും പൊലീസ് കണക്കിലെടുത്തിട്ടുണ്ട്.

 

 


കൊലപാതകികൾ അകത്ത് കടന്നത് വീടിന്റെ ജനലിന്റെ അഴി ഊരി മാറ്റിയ ശേഷമെന്നു കരുതുന്നതായി അന്വേഷണസംഘം.

 

 

വീടിന് പിറകിലുള്ള പഴയ രീതിയിലുള്ള ഒരു ജനലിന്റെ 2 അഴികൾ എടുത്തു മാറ്റിയ നിലയിലാണ്. ഇതിലൂടെയാകാം പ്രതികൾ അകത്തു കടന്നതെന്നാണു നിഗമനം. കൃത്യം നടത്തിയത് ഇടം കൈയനാണോ എന്ന സംശയവും പൊലീസിനുണ്ട്.

 

 

രണ്ടു പേർക്കും കുത്തു കിട്ടിയത് വച്ച് നോക്കുമ്പോൾ ഇടം കൈയനാകാനാണ് എന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഒട്ടേറെ കൊലക്കേസുകൾ തെളിയിച്ച കാസർകോട് ഡിവൈഎസ്പി .പി.പി സദാനന്ദനും ഇന്നലെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

 

 

 

 

 

OTHER SECTIONS