എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് പ്രഭാഷണവേദിയില്‍ കുത്തേറ്റു

By Shyma Mohan.12 08 2022

imran-azhar

 


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രഭാഷണ വേദിയില്‍ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ ഒരു പ്രഭാഷണം നടത്തവേ റുഷ്ദിക്ക് കഴുത്തില്‍ കുത്തേല്‍ക്കുകയായിരുന്നു. റുഷ്ദിയെ ഹെലികോപ്റ്ററില്‍ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഷടൗക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഒരാള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടയില്‍ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 75കാരനായ റുഷ്ദി ആക്രമണത്തില്‍ നിലത്തേക്ക് പതിച്ചു. റുഷ്ദിക്ക് കഴുത്തില്‍ കുത്തേറ്റതായി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കേയായിരുന്നു ആക്രമണം. ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

 

റുഷ്ദിയുടെ ദ സാതാനിക് വേഴ്‌സസ് എന്ന പുസ്തകം 1988 മുതല്‍ മതനിന്ദ ആരോപിച്ച് ഇറാനില്‍ നിരോധിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷം ഇറാന്റെ അന്തരിച്ച നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനി റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഒരു ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്ന് മില്യന്‍ ഡോളറിലധികം പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ഇറാന്‍ സര്‍ക്കാര്‍ വളരെ കാലമായി ഖൊമേനിയുടെ ഉത്തരവില്‍ നിന്ന് അകന്നുനിന്നെങ്കിലും റുഷ്ദി വിരുദ്ധ വികാരം നീണ്ടുനിന്നു. 2012ല്‍ ഒരു അര്‍ദ്ധ - ഔദ്യോഗിക ഇറാനിയന്‍ മതസ്ഥാപനം റുഷ്ദിക്കുള്ള പാരിതോഷികം 2.8 മില്യണില്‍ നിന്ന് 3.3 മില്യണ്‍ ഡോളറായി ഉയര്‍ത്തി.

OTHER SECTIONS