ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്: യെഡ്യൂരപ്പ അകത്ത്, ഗഡ്കരി പുറത്ത്, യോഗിയുമില്ല

By Shyma Mohan.17 08 2022

imran-azhar

 


ന്യൂഡല്‍ഹി: ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ പുറത്ത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ പുറത്തായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താത്തതും ശ്രദ്ധേയമായി. അതേസമയം കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയെ പാര്‍ലമെന്റി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, രാജ്‌നാഥ് സിംഗ്, ബിഎസ് യെഡ്യൂരപ്പ, സര്‍ബാനന്ദ് സോണോവാള്‍, കെ.ലക്ഷ്മണ്‍, ഇഖ്ബാല്‍ സിംഗ് ലാല്‍പുര, സുധ യാദവ്, സത്യനാരായണ്‍ ജതിയ, ബിഎല്‍ സന്തോഷ് എന്നിവരാണ് പാര്‍ലമെന്ററി ബോര്‍ഡിലുള്ളതെന്ന് നഡ്ഡ അറിയിച്ചു.

 

മുഖ്യമന്ത്രിമാരെയും സംസ്ഥാന ബിജെപി അധ്യക്ഷന്‍മാരെയും ഉള്‍പ്പെടെ പാര്‍ട്ടിയിലെ പ്രധാന പദവികളില്‍ ഇരിക്കുന്നവരെ തീരുമാനിക്കുന്ന നിര്‍ണ്ണായക സമിതിയാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്.

 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്, ഓം മാത്തൂര്‍ എന്നിവരെ ഉള്‍പ്പെടുത്തി. മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍, ജുവല്‍ ഒറാം എന്നിവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. വനിതാ സംഘടനയുടെ തലപ്പത്തേക്ക് വനതി ശ്രീനിവാസനെ കൊണ്ടുവന്നു.

OTHER SECTIONS