എങ്ങനെ തുടങ്ങണം എന്നറിയില്ല; കണ്ഠമിടറി പാതിവഴിയില്‍ നിര്‍ത്തി മുഖ്യമന്ത്രി

By Shyma Mohan.03 10 2022

imran-azhar

 


പയ്യാമ്പലം: എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് നിശ്ചയമില്ല. ഇത്തരം ഒരു യാത്രയയപ്പ് വേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ വാക്കുകള്‍ മുറിഞ്ഞേക്കാം, വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം എന്നുപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തില്‍ സംസാരിച്ചു തുടങ്ങിയത്.

 

പറഞ്ഞപോലെ കണ്ഠമിടറി പാതിവഴിയില്‍ മുഖ്യമന്ത്രി അനുസ്മരണ പ്രസംഗം നിര്‍ത്തി അദ്ദേഹം ഇരിപ്പിടത്തിലേക്ക് പോയി. കോടിയേരിയുടെ വിയോഗം എത്രമേല്‍ മുഖ്യമന്ത്രിയെ സ്വാധീനിച്ചിരിക്കുന്നു എന്നതിന് തെളിവായിരുന്നു മുഖ്യമന്ത്രിയുടെ ഓരോ ചലനങ്ങളും. ഇതിനു മുന്‍പൊരിക്കലും അദ്ദേഹത്തെ ഇത്തരത്തില്‍ ആരും കണ്ടിട്ടില്ല. അത്രമേല്‍ ആത്മബന്ധം ഉണ്ടായിരുന്നു എന്നതിന് തെളിവായിരുന്നു കോടിയേരിയുടെ അനുശോചന യോഗത്തിലെ മുഖ്യമന്ത്രിയുടെ സംസാരം.

 

എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് നിശ്ചയമില്ല. ഇത്തരം ഒരു യാത്രയയപ്പ് വേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ വാക്കുകള്‍ മുറിഞ്ഞേക്കാം. വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം. എപ്പോ അവസാനിപ്പിക്കേണ്ടി വരും എന്നതിനെപ്പറ്റി എനിക്ക് തന്നെ നിശ്ചയമില്ല. ആ ഒരു സാഹചര്യത്തില്‍ അല്‍പം വഴിവിട്ട രീതിയിലാണ് സംസാരിക്കുന്നത്.

 

കോടിയേരി രോഗാതുരനായപ്പോള്‍ അദ്ദേഹത്തെ കേരളത്തിലും കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും ചികിത്സിച്ച ഒട്ടേറെ ഡോക്ടര്‍ാുണ്ട്. അവരെല്ലാം വലിയ സഹകരണമാണ് നല്‍കിയിരുന്നത്. അവരുടെ കഴിവിന്റെ പരമാവധി അവര്‍ ഉപയോഗിച്ചിരുന്നു. അവര്‍ക്കെല്ലാം ഈ ഘട്ടത്തില്‍ സിപിഎമ്മിന് വേണ്ടി നന്ദി പറയുന്നു. അപ്പോളോ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെയും വലിയ തോതിലുള്ള പരിചരണവും ശ്രദ്ധയുമാണ് ലഭിച്ചിരുന്നത്. പക്ഷേ ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തില്‍ അല്ല. വല്ലാത്ത ഒരു അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അപ്പോഴേക്കും സംഭവിച്ചിരിക്കുന്നു. ആദ്യം നല്ല പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും ശരീരത്തിന്റെ വളരെ അപകടകരമായ നിലയിലാണെന്ന് തിരിച്ചറിഞ്ഞു. എങ്കിലും പരമാവധി ശ്രമങ്ങള്‍ അവര്‍ നടത്തി.

 

നമ്മുടെ സമൂഹത്തില്‍ മനുഷ്യ നന്മ അത് പൂര്‍ണ്ണമായും ഒഴിവായിട്ടില്ല എന്ന് തെളിയിക്കുന്ന ചില സന്ദര്‍ഭങ്ങളാണ് ഇത്തരത്തിലുള്ള ചില ഘട്ടങ്ങളില്‍ ഉണ്ടാകുന്നത്. ഞങ്ങള്‍ക്ക് വളരെ തിക്തമായ അനുഭവങ്ങള്‍ ഉള്ളതാണല്ലോ. അപ്പോഴും മനസ്സിന് ഒരു കുളിര്‍മ്മ ഈ നന്മ അവശേഷിക്കുന്നു എന്നതില്‍ അതിന്റെ ഭാഗമായി ലഭിക്കുന്നു. കോടിയേരി ബാലകൃഷ്ണതന്റെ വേര്‍പാട് ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാര വായ്‌പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി. അതില്‍ നമ്മുടെ മാധ്യമങ്ങള്‍ വളരെ ആരോഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്. മനുഷ്യനന്മ പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കും വിധമുള്ള, ഒരുതരത്തിലുള്ള കലവറയുമില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്ന നിലയിലാണ് ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നാം കണ്ടത്. സിപിഎമ്മിന്റെ താങ്ങാനാകാത്ത നഷ്ടം ശരിയായ രീതിയില്‍ തന്നെ ആ വേദന ഉള്‍ക്കൊണ്ട് ഒരുപക്ഷം എന്ന നിലയില്‍ അല്ലാതെ തന്നെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഖാവ് കോടിയേരിയുടെ ചരമ്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മുന്നോട്ടുവന്ന കാഴ്ചയാണ് കണ്ടത്. ഇന്നത്തെ കാലഘട്ടത്തില്‍ ഇത് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഈ വലിയ നഷ്ടത്തില്‍ ഞങ്ങളോടൊപ്പം പങ്കുചേര്‍ന്നുകൊണ്ട് ദുഃഖിക്കാന്‍ തയ്യാറായ എല്ലാവരോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

 

കോടിയേരി സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോഴുള്ള വികാരവായ്‌പോടെയാണ് പാര്‍ട്ടി സഖാക്കള്‍, പാര്‍ട്ടി ബന്ധുക്കള്‍, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍, ഈ പാര്‍ട്ടി കേരളത്തില്‍ ശക്തമായ രീതിയില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍, സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍, എല്ലാം ഓടിയെത്തി സഖാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി കാണാന്‍ ശ്രമിച്ചത്. ആ വികാരവായ്പ് അങ്ങേയറ്റം ഞങ്ങളെയാകെ വികാരം കൊള്ളിച്ചിരിക്കുകയാണ്. ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഇത് പെട്ടെന്ന് പരിഹരിക്കാനാകുന്ന ഒരു വിയോഗമല്ല എന്ന് നിങ്ങള്‍ക്കേവര്‍ക്കും അറിയാം.

 

സഖാക്കള്‍ക്ക്, പാര്‍ട്ടി ബന്ധുക്കള്‍ക്ക്, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഞങ്ങള്‍ക്ക് നല്‍കാനുള്ളത് ഒരു ഉറപ്പ് മാത്രമാണ്. ഈ നഷ്ടം വലിയ തോതിലുള്ളതാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ ഞങ്ങള്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുന്നത്. ഞാന്‍ പറഞ്ഞതുപോലെ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് വിതുമ്പലോടെ മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് നീങ്ങി.

 

OTHER SECTIONS