നേതൃത്വവും ഭരണവും തലമുറകൈമാറ്റത്തിന് സി.പി.എം : പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭയ്ക്ക് ആലോചന

By anil payyampalli.05 05 2021

imran-azharതിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപവത്കരിക്കാൻ സി.പി.എം. ആലോചിക്കുന്നു. കഴിഞ്ഞസർക്കാരിലുണ്ടായിരുന്ന മന്ത്രിമാരിൽ മുഖ്യമന്ത്രിക്കുപുറമേ കെ.കെ. ശൈലജയ്ക്ക് മാത്രമായിരിക്കും രണ്ടാമൂഴം നൽകാനിടയുള്ളത്.

 


പി.ബി. അംഗങ്ങൾ ഇക്കാര്യത്തിൽ ധാരണയുണ്ടാക്കിയശേഷമാകും സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യുക. അതിനാൽ, ചൊവ്വാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാരെ സംബന്ധിച്ച് ചർച്ചയുണ്ടായില്ല.

 


ശൈലജയ്ക്കുപുറമേ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

 

 

 

ഇവർക്കുപുറമേ മന്ത്രിമാരാകാൻ സാധ്യതയുള്ളവരിൽ വി.എൻ. വാസവൻ, എം.ബി. രാജേഷ്, വീണാ ജോർജ്, വി. ശിവൻകുട്ടി, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. ചിത്തരഞ്ജൻ അല്ലെങ്കിൽ സജി ചെറിയാൻ, ഇവരിലൊരാളെ എന്തായാലും പരിഗണിക്കും. മത്സ്യത്തൊഴിലാളിമേഖലയിൽ ചിത്തരഞ്ജനുള്ള പ്രാധാന്യമാണ് അദ്ദേഹത്തിനുള്ള മുൻതൂക്കം.

 

 


പുതുമുഖങ്ങൾക്ക് ഊന്നൽ നൽകിയാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് ഇടംകിട്ടാതെ പോകാം.

 

 

കടകംപള്ളിയേയും മുൻ സ്പീക്കർ കെ. രാധാകൃഷ്ണനേയും മന്ത്രി ടി.പി രാമകൃഷ്ണനേയും സ്പീക്കർസ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരിലുണ്ട്. വനിതയാണെങ്കിൽ വീണാജോർജ്ജിന് നറുക്ക് വീണേക്കാം.

 

 

താനൂരിൽനിന്ന് രണ്ടാംതവണയും ഇടതുസ്വതന്ത്രനായി ജയിച്ച വി. അബ്ദുറഹ്‌മാനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

 

 

വകുപ്പുകളിൽ ചിലമാറ്റങ്ങൾ വരുത്തിയാകും പുതിയ ചുമതലകൾ. കെ.കെ. ശൈലജയ്ക്ക് ആരോഗ്യവകുപ്പിന് പകരം വിദ്യാഭ്യാസവകുപ്പ് സംയോജിപ്പിച്ച് അവരെ ഏൽപ്പിച്ചേക്കും. മറ്റേതെങ്കിലും അധികവകുപ്പുകൂടി അവർക്ക് അനുവദിക്കാൻ സാധ്യതയുണ്ട്. സ്ത്രീസുരക്ഷ, വനിതാക്ഷേമം ഉൾപ്പെടെയുള്ള പ്രധാനവകുപ്പുകൾ കെ.കെ ശൈലജയ്ക്ക് കൈമാറി ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്‌തേക്കും;

 

ധനകാര്യം പി. രാജീവിനെ ഏൽപ്പിക്കാനാണ് സാധ്യത. പി ബാലഗോപാൽ വ്യവസായമന്ത്രിയായേക്കും. ധനകാര്യമില്ലെങ്കിൽ രാജീവിന് ആരോഗ്യവും ബാലഗോപാലിന് പൊതുമരാമത്തും നൽകാൻ സാധ്യതയുണ്ട്.

 

 

ദേവസ്വം മന്ത്രിയായി ഇത്തവണ വനിതയെ പരിഗണിക്കാനും സാധ്യതയുണ്ട്. ശിവൻകുട്ടി മന്ത്രിസ്ഥാനത്തേക്ക് വന്നാൽ തൊഴിൽ വകുപ്പായിരിക്കും ലഭിക്കാനിടയുള്ളത്. വാസവൻ വന്നാൽ സഹകരണം, എക്‌സൈസ് വകുപ്പുകൾ ലഭിച്ചേക്കും.

 

കെ. രാധാകൃഷ്ണന് പിന്നാക്കക്ഷേമത്തിനുപുറമേ മറ്റേതെങ്കിലും പ്രധാന വകുപ്പുകൂടി നൽകും. എം.ബി. രാജേഷ്, വീണാ ജോർജ് എന്നിവരാണെങ്കിൽ തദ്ദേശസ്വയംഭരണം, ആരോഗ്യം എന്ന വകുപ്പുകളിലായിരിക്കും പരിഗണിക്കുക.

 

 

OTHER SECTIONS