Lander Vikram: ലാന്‍ഡര്‍ ഡ്രോണ്‍ പോലെ നോക്കിനില്‍ക്കും, താഴ്ന്നിറങ്ങും!

By Web Desk.22 08 2023

imran-azhar

 

 

 

വി.ഡി.ശെല്‍വരാജ്

 


ലാന്‍ഡര്‍, ചന്ദ്രന്റെ 'അന്തരീക്ഷ'ത്തില്‍ രണ്ടിടത്ത് 10 സെക്കന്റോളം നോക്കിനില്‍ക്കും, തുടര്‍ന്ന് മെല്ലെ താഴ്ന്നിറങ്ങുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സോമനാഥ്

 

തിരുവനന്തപുരം: മൂന്നാം ചന്ദ്രയാനത്തിന്റെ വിക്രം എന്ന ലാന്‍ഡര്‍ ബുധനാഴ്ച ചന്ദ്രനില്‍ ചുവടുവച്ചാല്‍ അത് ഇന്ത്യയുടെ മാത്രമല്ല മനുഷ്യകുലത്തിന്റെ തന്നെ വലിയ മുന്നേറ്റമാകും. ബുധനാഴ്ച വൈകിട്ട് 5.45 ന് ഭ്രമണപഥത്തില്‍ നിന്ന് താഴ്ന്നു തുടങ്ങുന്ന ലാന്‍ഡര്‍ 6.04 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാലുകാലും ബലമായി കുത്തി ഇറങ്ങുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ ഉറച്ചവിശ്വാസം.

 

അടുത്തെത്തുമ്പോള്‍ 30 കിലോമീറ്ററും അകലുമ്പോള്‍ 125 കിലോമീറ്ററും എന്ന കണക്കിനുള്ള ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ലാന്‍ഡര്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഇറങ്ങാന്‍ തുടങ്ങുക. 20 മിനിട്ടോളമെടുക്കും നിലം തൊടാന്‍. വൈകിട്ട് 5.20 മുതല്‍ ദൂരദര്‍ശനിലും ഐ.എസ്.ആര്‍.ഒയുടെ വെബ്‌സൈറ്റിലും ദൗത്യം ലൈവായി കാണിക്കും.  

 

 

''ചന്ദ്രോപരിതലത്തിലേക്ക് കുത്തനെ കല്ലുവീഴുമ്പോലെ ഇറങ്ങുകയല്ല, ചരിഞ്ഞ പഥത്തിലൂടെ ചുറ്റി മെല്ലെ താഴ്ന്നിറങ്ങുകയാണ്. അങ്ങനെ താഴ്ന്ന് നിലം തൊടാന്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരും. സെക്കന്റില്‍ ഒന്നര കിലോമീറ്റര്‍ വേഗത്തിലാണ് ലാന്‍ഡര്‍ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്നത്. ആ വേഗം ക്രമേണ കുറച്ച് സെക്കന്റില്‍ രണ്ടുമീറ്ററില്‍ താഴെ എന്ന നിലയിലേക്ക് എത്തിയാണ് ലാന്‍ഡര്‍ നിലം തൊടേണ്ടത്-' ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ് കലാകൗമുദിയോട് വിശദീകരിച്ചു.

 

വേഗം കുറച്ചാല്‍ മാത്രം പോര, ഒട്ടേറെ സാങ്കേതിക കാര്യങ്ങള്‍ കൂടി ഒപ്പം നിര്‍വഹിച്ചാലേ സോഫറ്റ് ലാന്‍ഡിംഗ് സാദ്ധ്യമാകൂ. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉയരത്തിലെത്തുന്നതോടെ ഹോവറിംഗ്, ഒന്നു നിന്നു നോക്കി നിരീക്ഷിച്ച് താഴുന്ന രീതി, സ്വീകരിക്കും. 10 സെക്കന്റോളമാണ് ഇങ്ങനെ നില്‍ക്കുക. 800 മീറ്ററിലായിരിക്കും ആദ്യ ഹോവറിംഗ്. വീണ്ടും 150 മീറ്റര്‍ അടുത്തെത്തുമ്പോഴും ഇതേപോലെ അല്പനേരം നിന്നുനോക്കും-അദ്ദേഹം വ്യക്തമാക്കി.

 

 

 

വിവാഹമണ്ഡപത്തില്‍ സദസ്സിലേക്ക് പറന്നും താഴ്ന്നു നിന്നും വീഡിയോ ചിത്രീകരിക്കുന്ന ഡ്രോണ്‍ ഓര്‍ക്കുക. ഭൂമിയില്‍ അന്തരീക്ഷവും അതിന്റെ പ്രതിരോധവും ഉണ്ട്. ചന്ദ്രനില്‍ അന്തരീക്ഷമില്ല, പ്രതിരോധവും. ഉണ്ടായിരുന്നെങ്കില്‍ പാരച്യൂട്ടില്‍ ഇറക്കാമായിരുന്നു. ചന്ദ്രനില്‍ ഒരു കിലോ കട്ടിയും തൂവലും താഴെക്കിട്ടാല്‍ ഒരേപോലെ നിലത്തെത്തും. അതിനാല്‍ ചന്ദ്രോപരിതലത്തിലെ പതനത്തിന് വേഗം കൂടുതലുണ്ട്. ലാന്‍ഡറിലെ 4 എന്‍ജിനുകളില്‍ 2 എണ്ണം വിപരീതദിശയില്‍ ജ്വലിപ്പിച്ചാണ് വേഗം കുറച്ച് സഞ്ചാരപഥം താഴ്ത്തുന്നത്. വേഗം കുറയുകയും വീഴാതിരിക്കുകയും വേണമെന്നതാണ് വെല്ലുവിളി. 4 കിലോമീറ്റര്‍ നീളവും രണ്ടരകിലോമീറ്റര്‍ വീതിയുമുള്ള പ്രദേശമാണ് ലാന്‍ഡറിന് ഇറങ്ങാനായി ദക്ഷിണധ്രുവത്തില്‍ കണ്ടുവച്ചിട്ടുള്ളത്.

 

ദക്ഷിണധ്രുവത്തില്‍ ഇതുവരെ ആരും പേടകം ഇറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ലാന്‍ഡര്‍ ഇറങ്ങിയാല്‍ ചന്ദ്രനില്‍ പേടകം ഇറക്കിയ നാലാമത്തെ രാജ്യം എന്നതിനപ്പുറം ധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമെന്ന ഖ്യാതിയും ബഹിരാകാശ സൂപ്പര്‍പവറെന്ന വലിയ ഇരിപ്പിടവും ഇന്ത്യയ്ക്ക് കൈവരും. ജലസാന്നിദ്ധ്യം ഉണ്ടെന്ന് കരുതുന്ന ദക്ഷിണധ്രുവത്തെ ആശ്രയിച്ചാകും ഭാവിയില്‍ മനുഷ്യന്റെ ഗോളാന്തര യാത്രകള്‍. ആ യാത്രകള്‍ക്ക് ആദ്യമായി വഴിയൊരുക്കിയ ഇന്ത്യയുടെ ചെറിയ ചുവടുവയ്പ് മനുഷ്യകുലത്തിന്റെ വലിയ മുന്നേറ്റവുമായി ചരിത്രം രേഖപ്പെടുത്തും. ഇന്ത്യയുടെ സാമ്പത്തികരംഗത്തിനും യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കും വലിയ ഉത്തേജനം കൂടിയാകും ലാന്‍ഡിംഗ്. 

 

ബാംഗ്‌ളൂരിലെ ഐ.എസ്.ആര്‍.ഒയുടെ മിഷന്‍ എന്‍ട്രോള്‍ സെന്ററില്‍ തല്‍സമയം ലഭിക്കുന്ന സിഗ്‌നലുകളില്‍ നിന്നാണ് പേടകം ഇറങ്ങി എന്നു സ്ഥിരീകരിക്കുക. പേടകം ചന്ദ്രോപരിതലത്തിലേക്ക് പറന്നിറങ്ങുന്ന ദൃശ്യമൊന്നും തല്‍സമയം ഇല്ല. മിഷന്‍ കണ്‍ട്രോള്‍ സെന്ററും ലാന്‍ഡറുമായി തല്‍സമയം ബന്ധമുണ്ടെങ്കിലും ഇറങ്ങുന്ന വേളയില്‍ സെന്ററില്‍ നിന്ന് നിയന്ത്രണങ്ങളൊന്നും സാധ്യമല്ല. പേടകത്തില്‍ അപ്‌ലോഡ് ചെയ്ത സോഫ്റ്റ്‌വെയറാണ് എല്ലാം തീരുമാനിക്കുന്നത്. ലാന്‍ഡര്‍ ഇറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞേ അതിനുള്ളിലെ റോവര്‍ പുറത്തിറക്കൂ. ചന്ദ്രനിലെ ഒരു ദിനം (ഭൂമിയിലെ രണ്ടാഴ്ച) മാത്രമാണ് റോവര്‍ പ്രവര്‍ത്തിക്കുക.

 

60 വര്‍ഷത്തെ ലോകരാജ്യങ്ങളുടെ ചാന്ദ്രദൗത്യങ്ങളില്‍ പരാജയത്തിന്റെ നീണ്ട പട്ടികയില്‍ അവസാനത്തേതായിരുന്നു കഴിഞ്ഞയാഴ്ച വീണുതകര്‍ന്ന റഷ്യയുടെ ലൂണ-25. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നടത്തിയ എല്ലാ ദൗത്യവും വിജയിച്ച ഒരു രാജ്യമേ ഉള്ളൂ- ചൈന. 2010 ല്‍ ചൈനയുടെ ആദ്യ പേടകം ലാന്‍ഡ് ചെയ്തു. 2013 ലും അതാവര്‍ത്തിച്ചു. 2014 ല്‍ ചൈന മൂന്നാം പേടകം ഇറക്കിയത് ചൈനയുടെ മറുവശത്താണ്. 2019 ഇറങ്ങിയ പേടകം രണ്ടു കിലോ മണ്ണുമായി ചൈനയില്‍ തിരിച്ചെത്തുകയും ചെയ്തു. നാളെ വൈകിട്ട് ആറുമണി കഴിയുമ്പോള്‍ ഇന്ത്യ ഇതെല്ലാം മറികടന്ന് ചന്ദ്രനില്‍ ഒരു സൂര്യോദയം തന്നെ തീര്‍ത്തേക്കാം.

 

 

OTHER SECTIONS