കാലാവസ്ഥാ നിരീക്ഷണ ഉപകരണമെന്ന് ചൈന;ചാരപ്രവര്‍ത്തനം തന്നെയാണ് ഉദ്ദേശ്യമെന്ന് യുഎസ്

By parvathyanoop.07 02 2023

imran-azhar


വാഷിങ്ടന്‍ : യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാന്‍ ശ്രമം തുടരുന്നു.എന്നാല്‍ വീണ്ടെടുക്കുന്ന അവശിഷ്ടങ്ങള്‍ ചൈനയ്ക്കു കൈമാറാന്‍ പദ്ധതിയില്ലെന്നും യുഎസ് അധികൃതര്‍ പറഞ്ഞു.

 

അതേ സമയം കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണ് ഇതെന്ന് ചൈന പറയുമ്പോഴും ചാരപ്രവര്‍ത്തനം തന്നെയാണ് ഉദ്ദേശ്യമെന്നാണ് യുഎസ് അറിയിച്ചു.മിസൈല്‍ ഉപയോഗിച്ചാണ് യുഎസ് സൈന്യം ബലൂണ്‍ തകര്‍ത്തത്.

 


തീരത്തു നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയായി അറ്റ്‌ലാന്റിക് സമുദ്രത്തിലാണു ബലൂണ്‍ പതിച്ചത്. സമുദ്രത്തിനു മുകളില്‍ നിന്ന് ചില അവശിഷ്ടങ്ങള്‍ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

 

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കടലിനടിയില്‍ പരിശോധന നടത്താന്‍ സാധിക്കുന്നില്ല. വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ കടലിനടിയിലും പരിശോധന നടത്താനാകുമെന്നാണ് കരുതുന്നത എന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

 

ജനുവരി 28ന് അലൂഷ്യന്‍ ദ്വീപുകള്‍ക്കു സമീപം വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോഴാണ് ബലൂണ്‍ ആദ്യമായി യുഎസിന്റെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് കാനഡയിലെ അലാസ്‌കയിലൂടെ സഞ്ചരിച്ച് ഐഡഹോയ്ക്കു മുകളിലൂടെ ബലൂണ്‍ വീണ്ടും യുഎസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു.

 

അപകടമില്ലാതെ ബലൂണ്‍ താഴെയിറക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച അനുമതി നല്‍കി. തുടര്‍ന്ന് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 1.09ന് ആണ് ബലൂണ്‍ വീഴ്ത്തിയത്.