വാനിഷിംഗ് കോട്ട് വികസിപ്പിച്ച് ചൈനീസ് വിദ്യാര്‍ത്ഥികള്‍

By Shyma Mohan.08 12 2022

imran-azhar

 

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ നിന്ന് രാത്രിയും പകലും മനുഷ്യരെ ശരീരത്തെ കാണാന്‍ കഴിയാത്ത വിധത്തിലുള്ള കോട്ട് കണ്ടുപിടിച്ച് ചൈനീസ് ബിരുദ വിദ്യാര്‍ത്ഥികള്‍. ഇന്‍വിസ് ഡിഫന്‍സ് കോട്ട് എന്നാണ് ഈ കോട്ടിന് പേരിട്ടിരിക്കുന്നത്. 500 ചൈനീസ് യുവാന്‍ അഥവാ 6000 രൂപയാണ് കോട്ടിന്റെ വില.

 

സുരക്ഷാ ക്യാമറകളെ കബളിപ്പിക്കുമെങ്കിലും മനുഷ്യരുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും. മനുഷ്യനാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കില്ലെന്നതാണ് ഇന്‍വിസ് ഡിഫെന്‍സ് കോട്ടിന്റെ പ്രത്യേകത. വസ്ത്രത്തിലെ പാറ്റേണുകളാണ് പകല്‍ ക്യാമറകളെ കബളിപ്പിക്കുന്നതെങ്കില്‍ രാത്രിയില്‍ വസ്ത്രത്തിലെ താപം ഉല്‍പ്പാദിപ്പിക്കുന്ന ഘടകങ്ങള്‍ ഇന്‍ഫ്രാറെഡ് ക്യാമറകളുടെ കാഴ്ച മറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 


കോട്ടിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്ന താപനില മാറ്റാനുള്ള ഡിസൈന്‍ സംവിധാനമാണ് ക്യാമറകളെ പറ്റിക്കാന്‍ സഹായിക്കുന്നത്. വുഹാന്‍ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് കണ്ടെത്തലിന് പിന്നില്‍. വാംഗ് ഷെഗ് എന്ന പ്രൊഫസറിന് കീഴിലുള്ള ഗവേഷക വിദ്യാര്‍ത്ഥികളാണ് കണ്ടെത്തല്‍ നടത്തിയത്. നിലവില്‍ റോഡിലും സ്മാര്‍ട്ട് കാറിലും എല്ലാം ഉള്ള ക്യാമറകള്‍ക്ക് മനുഷ്യനെ തിരിച്ചറിയാന്‍ സാധിക്കും. റോഡിലെ പ്രതിബന്ധങ്ങളും സൈഡിലൂടെ നടന്ന് പോവുന്ന മനുഷ്യരേയുമെല്ലാം ക്യാമറകള്‍ക്ക് തിരിച്ചറിയാനാവും. എന്നാല്‍ ഇന്‍വിസ് ഡിഫെന്‍സ് കോട്ട് ധരിച്ചവര്‍ ക്യാമറക്കണ്ണില്‍ പതിയുമെങ്കിലും കോട്ടിനുള്ളിലുള്ളത് മനുഷ്യനാണോയെന്ന് നിര്‍വ്വചിക്കാനാവില്ല. കോട്ടിനുള്ളിലെ പ്രത്യേകമായി ഡിസൈന്‍ ചെയ്ത കാമോഫ്‌ലാഗ് പാറ്റേണാണ് ഇതിന് സഹായിക്കുന്നത്.

 

സാധാരണ നിലയില്‍ സര്‍വയലന്‍സ് ക്യാമറകള്‍ മനുഷ്യനെ തിരിച്ചറിയുന്നത് ചലനങ്ങള്‍ നിരീക്ഷിച്ചും ശരീരത്തിന്റെ കോണ്ടൂര്‍ നിരീക്ഷിച്ചുമാണ്. വീ ഹൂയ് എന്ന ഗവേഷക വിദ്യാര്‍ത്ഥിയാണ് കോട്ടിന് അടിസ്ഥാനമായ കോര്‍ അല്‍ഗോരിതം തയ്യാറാക്കിയത്. യുദ്ധമേഖലകളില്‍ അടക്കം ഡ്രോണ്‍ ക്യാമറകളെ കബളിപ്പിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ അവകാശവാദം. ഡ്രോണ്‍ ആക്രമണങ്ങളെ ശക്തമായ രീതിയില്‍ പ്രതിരോധിക്കാന്‍ കോട്ട് സഹായിക്കുമെന്നും പറയുന്നു.

 

OTHER SECTIONS