ചിരാഗ് പസ്വാനെ ഞെട്ടിച്ച് എൽ.ജെ.പിയിൽ വിമതനീക്കം; തെറ്റിപ്പിരിഞ്ഞത് ആറിൽ അഞ്ച് എംപിമാർ

By anilpayyampalli.14 06 2021

imran-azhar
പട്‌ന: ബിഹാറിൽ ചിരാഗ് പസ്വാന്റെ ലോക് ജനതാ ശക്തി പാർട്ടിക്ക് തിരിച്ചടി നൽകിക്കൊണ്ട് അഞ്ച് ലോക്‌സഭാ എംപിമാർ പശുപതി കുമാർ പക്ഷത്തേക്ക്.

 

 


പാർലമെന്റിൽ തങ്ങളുടെ നേതാവായി പശുപതികുമാർ പാസ്വാനെ തിരഞ്ഞെടുത്തതായി എംപിമാർ പ്രഖ്യാപിച്ചു.

 

 

 

 

 

 

തങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് പാർട്ടി വിട്ട എംപിമാർ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇനി പാർട്ടിയിൽ ശേഷിക്കുന്ന ഏക എംപി ചിരാഗ് ആണ്.

 

 

 

ചിരാഗ് പസ്വാന്റെ ഇളയച്ഛനും എൽജെപി ഹിജാപുർ എംപിയുമായ പശുപതി കുമാർ പാസ്വാനാണ് എൽ.ജെ.പിയിലെ വിമതനീക്കത്തിന് പിന്നിൽ. പശുപതിക്ക് പുറമേ പ്രിൻസ് രാജ്, ചന്ദൻ സിങ്. വീണ ദേവി, മെഹബൂബ് അലി കൈസർ എന്നീ എംപിമാരാണ് വിമതനീക്കം നടത്തിയത്.

 

 

അതേസമയം പാർട്ടിയെ സംരക്ഷിക്കാൻ താൽപര്യമുള്ളവരാണ് തനിക്കൊപ്പം വന്നതെന്നും പാർട്ടി സംരക്ഷിക്കപ്പെടുകയാണ് ഇപ്പോഴുണ്ടായതെന്ന് പശുപതി കുമാർ പ്രതികരിച്ചു.

 

 

നിതീഷ് കുമാറുമായി അടുത്തബന്ധമുള്ള പശുപതി കുമാറും ചിരാഗും ഏറെക്കാലമായി ശീതയുദ്ധത്തിലായിരുന്നു. ചിരാഗിന്റെ പല പ്രവർത്തനങ്ങളിലും പശുപതി കുമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പശുപതി കുമാർ പരസിന് നിതീഷ് കുമാർ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ചിരാഗിനെതിരെ കളത്തിലിറക്കിയതെന്നാണ് സൂചനകൾ.

 

 

ലോക്ജനശക്തി പാർട്ടിയെ നിതീഷ് കുമാറിന്റെ ജെഡിയുവുമായി ലയിപ്പിക്കാനാണ് പശുപതിയുടെ നീക്കമെന്നാണ് അഭ്യൂഹങ്ങൾ. അതേസമയം അത്തരം റിപ്പോർട്ടുകളെ അദ്ദേഹം തള്ളിക്കളഞ്ഞു. എൽജെപി ഞങ്ങളുടെ പാർട്ടിയാണ്. ബിഹാറിൽ പാർട്ടിക്ക് വേരോട്ടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

രാംവിലാസ് പസ്വാന്റെ മരണശേഷം 2019ലാണ് ചിരാഗ് എൽ.ജെ.പിയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. ബിഹാർ തിരഞ്ഞെടുപ്പ് കാലത്ത് എൻ.ഡി.എ വിട്ട ചിരാഗ് സ്വന്തമായി സ്ഥാനാർഥികളെ നിർത്തിയത് നിതീഷ് നയിക്കുന്ന ജെ.ഡി.യുവിന് വലിയ തിരിച്ചടിയായിരുന്നു.

 

 


ജെ.ഡി.യു മത്സരിച്ച 135 മണ്ഡലങ്ങളിലും എൽ.ജെ.പി സ്ഥാനാർഥികളെ നിർത്തിയിരുന്നു. സ്വന്തം സീറ്റ് എണ്ണം കൂടിയില്ലെങ്കിലും നിതീഷിന്റെ സീറ്റ് കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നായിരുന്നു ചിരാഗ് പ്രഖ്യാപിച്ചത്.

 

 

നിതീഷിനെ പൂർണമായി വീഴ്ത്തിയില്ലെങ്കിലും ജെ.ഡി.യു.വിന്റെ സീറ്റെണ്ണം കുറയ്ക്കുന്നതിനും എൻ.ഡി.എ.യിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി.യെ വളർത്തുന്നതിനും ചിരാഗിന്റെ നീക്കങ്ങൾക്കായി.

 

 

 

ഒരു എം.എൽ.എ. യെ മാത്രമാണ് നിയമസഭയിലേക്കയക്കാൻ ചിരാഗിനു കഴിഞ്ഞത്. എങ്കിലും പ്രഖ്യാപിത ലക്ഷ്യമായ നിതീഷിനെ ക്ഷീണിപ്പിക്കുക എന്ന ദൗത്യത്തിൽ ഒരളവുവരെ വിജയിക്കുകയും ചെയ്തു.

 

 

ഇതിന്റെ പ്രതികാരമാണ് എം.പിമാരെ അടർത്തിയെടുത്തു ചിരാഗിനെ ഒറ്റപ്പെടുത്താനുള്ള നിതീഷിന്റെ നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. അതേസമയം ചിരാഗിന്റെ ധാർഷ്ട്യമാണ് പിളർപ്പിനു പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം.

 

 

 

 

 

 

OTHER SECTIONS