By parvathyanoop.02 10 2022
ജക്കാര്‍ത്ത: ഫുട്ബോള്‍ മത്സരത്തിനിടെ ടീമുകളുടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷം വലിയ ദുരന്തത്തില്‍ കലാശിച്ചു. ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയിലാണ് ദുരന്തം സംഭവിച്ചത്.അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവരില്‍ കുട്ടികളും പോലീസും ഉള്‍പ്പെടുന്നു.ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ അക്രമത്തില്‍ 170ലധികം പേര് കൊല്ലപ്പെട്ടു.
174 പേര് മരിച്ചതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകി കിഴക്കന്‍ ജാവയിലെ മലംഗിലെ കഞ്ജുരുഹാന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം രോഷാകുലരായ ആരാധകര്‍ ഫുട്ബോള്‍ പിച്ചിലേക്ക് അതിക്രമിച്ച് കയറിയതാണ് ആളുകള്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.രണ്ട് ഇന്തോനേഷ്യന്‍ ഫുട്ബോള്‍ ടീമുകളുടെ അനുയായികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അക്രമത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്വാസതടസം മൂലം നിരവധിപേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ ആളുകള്‍ കൂട്ടമായി ഓടിയപ്പോള്‍ വീണുപോയവര്‍ ചവിട്ടേറ്റാണ് മരിച്ചത്.ഇന്തോനേഷ്യന്‍ പ്രീമിയര്‍ ലീഗ് മത്സരം പെര്‍സെബയ സുരബായ 3-2ന് അരെമ മലംഗിനെ തോല്പിച്ചതോടെ സ്റ്റേഡിയത്തിനുള്ളില്‍ ടീമുകളുടെ കാകാണികള് ഏറ്റുമുട്ടല്‍ തുടങ്ങി.
34 പേര് സ്റ്റേഡിയത്തിനുള്ളില്‍ തന്നെ മരണപ്പെട്ടു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ മരിച്ചു. ഇരു വിഭാഗത്തിന്റെയും വഴക്കുകള്‍ കണ്ണീര് വാതകം പ്രയോഗിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചു.ഇത് പിന്തുണക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.കണ്ണീര് വാതകം ഒഴിവാക്കാന്‍ നൂറുകണക്കിന് ആളുകള്‍ ഒരു എക്സിറ്റ് ഗേറ്റിലേക്ക് ഓടി. ചിലര്‍ ശ്വാസം മുട്ടി, മറ്റുള്ളവരെ ചവിട്ടിമെതിച്ചു. 34 പേര് തല്‍ക്ഷണം മരിച്ചു.പരിക്കേറ്റ 300-ലധികം പേരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പലരും വഴിയിലോ ചികിത്സയിലോ മരിച്ചുവെന്ന് അഫിന്റ പറഞ്ഞു.പരിക്കേറ്റ 180 ഓളം പേരുടെ നില വഷളായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ലിഗ 1 മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ രാജ്യത്തെ ഫുട്ബോള്‍ അസോസിയേഷനോട് ഉത്തരവിട്ടു.രാജ്യത്തെ കായിക യുവജന മന്ത്രി, ദേശീയ പോലീസ് മേധാവി, ഇന്തോനേഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് മേധാവി എന്നിവരോട് ഫുട്ബോള്‍ മത്സരങ്ങളെയും സുരക്ഷാ നടപടിക്രമങ്ങളെയും കുറിച്ച് സമഗ്രമായ വിലയിരുത്തല്‍ നടത്താന്‍' ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാരകമായ കലാപം നടന്ന ഫുട്ബോള്‍ സ്റ്റേഡിയം ശേഷിക്കപ്പുറം നിറഞ്ഞതായി ഇന്തോനേഷ്യന്‍ ചീഫ് സെക്യൂരിറ്റി മന്ത്രി പറഞ്ഞു.അരെമാനിയ എന്നറിയപ്പെടുന്ന അരേമയുടെ നിരാശരായ ആയിരക്കണക്കിന് അനുയായികള്‍ തങ്ങളുടെ ടീമിന്റെ തോല്‍വിയില്‍ കുപ്പികളും മറ്റ് വസ്തുക്കളും കളിക്കാര്‍ക്കും ഫുട്ബോള്‍ ഉദ്യോഗസ്ഥര്‍ക്കും നേരെ എറിഞ്ഞുഎന്ന് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആരാധകര്‍ കഞ്ചുരുഹാന്‍ സ്റ്റേഡിയം പിച്ചില്‍ പ്രതിഷേധിച്ചു. സ്റ്റേഡിയത്തിന് പുറത്ത് കലാപം പടര്‍ന്നു, അവിടെ കുറഞ്ഞത് അഞ്ച് പോലീസ് വാഹനങ്ങളെങ്കിലും നിലംപരിശാക്കുകയും കത്തിക്കുകയും ചെയ്തു.ഇതിനാല്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.