By web desk.08 06 2023
മുതലകളെക്കുറിച്ചുള്ള പല കഥകളും നമ്മള്‍ കുട്ടിക്കാലം മുതല്‍ക്കേ കേള്‍ക്കുന്നതാണ്. ഭാരത ചരിത്രത്തില്‍ മുതലകളെ പല സംഭവങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. ശാപം മൂലം ആനയായി മാറിയ ഇന്ദ്രദ്യുമ്‌നനെ മുതല കാലില്‍ പിടിച്ചതും, വിഷ്ണുഭഗവാനെ തപസ് ചെയ്ത് ഗജേന്ദ്രമോക്ഷം നേടിയതും ഭാഗവതകഥയിലുണ്ട്. ശങ്കരാചാര്യര്‍ കുട്ടിയായിരുന്ന കാലം പുഴയില്‍ കുളിക്കുമ്പോള്‍ കാലില്‍ മുതലപിടിച്ചതായി കഥയുണ്ട്. പുഴക്കരയിലെ ഞാവല്‍ മരത്തിലെ കുരങ്ങന്റെ ഹൃദയം ഭാര്യക്ക് തിന്നാന്‍ വേണ്ടി കൊണ്ടുപോയ മണ്ടന്‍ മുതലയുടെ കഥയും നാം കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. കപടമായ സങ്കടപ്രകടനങ്ങളെ മുതലക്കണ്ണീര്‍ എന്ന് കളിയാക്കുന്ന പ്രയോഗം ഭാഷയില്‍ പരിചയമുണ്ട്. എന്നാല്‍ സ്വയം ഗര്‍ഭിണിയായ ഒരു മുതലയെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. അങ്ങനെയൊരു സംഭവം നടന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കോസ്റ്ററിക്കയിലെ ഒരു മൃഗശാലയില്‍ സ്വയം ഗര്‍ഭിണിയായ ഒരു മുതലയെ കണ്ടെത്തിയത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. കന്യക ഗര്‍ഭം എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇതുവരെ പക്ഷികള്‍, മത്സ്യങ്ങള്‍ മറ്റ് ഉരഗങ്ങള്‍ എന്നിവയില്‍ മാത്രമാണ് സ്വയം ഗര്‍ഭിണിയാകുന്ന പ്രതിഭാസം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ മുതല വര്‍ഗത്തില്‍ ഇത് കണ്ടെത്തുന്നത് ആദ്യമാണ്. 99.9 ശതമാനം അമ്മ മുതലയോട് സാമ്യമുള്ള ഭ്രൂണമാണ് കണ്ടെത്തിയിരിക്കുന്നത്. ജനിതക പരിണാമം വഴി ഇത് സംഭവിച്ചതാകാമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍ അങ്ങനെയെങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച ദിനോസറുകള്‍ക്കും ഇത്തരം കന്യക ഗര്‍ഭം ധരിക്കാനുള്ള ശേഷി ഉണ്ടായിരുന്നിരിക്കണം എന്നാണ് അനുമാനം. സാധാരണയായി പുരുഷ വര്‍ഗവുമായി ബന്ധപ്പെട്ട് കഴിയുന്ന മുതലകളിലാണ് ഗര്‍ഭധാരണം കണ്ടെത്തിയിട്ടുള്ളു. പുരുഷവര്‍ഗത്തില്‍ നിന്ന് അകന്ന കഴിയുന്ന മുതല എങ്ങനെയാണ് ഗര്‍ഭം ധരിച്ചതെന്നുള്ള വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നാണ് ജന്തുശാസ്ത്രജ്ഞര്‍ പറയുന്നത്. റോയല്‍ സൊസൈറ്റി ഒഫ് ബയോളജി ഇതുസംബന്ധിച്ച പഠനം ആരംഭിച്ചുകഴിഞ്ഞു.
ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും വിവിധയിനം മുതല വര്‍ഗങ്ങളുണ്ട്. 'നൈല്‍ നദിയിലെ പല്ലി' എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പ്രയോഗത്തില്‍ നിന്നാണ് 'ക്രോക്കോഡൈല്‍' എന്ന വാക്ക് വന്നത്. ലോകത്ത് യൂറോപ്പും അന്റാര്‍ട്ടിക്കയും ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നവരാണ് ക്രോക്കോഡൈല്സ്. ഇവരിലാണ് ഏറ്റവും കൂടുതല്‍ ഇനങ്ങള്‍ ഉള്ളത്. എന്നാല്‍ അലിഗേറ്റര്‍ എന്ന ജനുസ് അമേരിക്കയില്‍ മാത്രം കാണുന്നവയാണ്.
വടക്കേ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ മാത്രം കാണുന്ന ഗാവിയാലിസ് എന്ന വിഭാഗവും ഉണ്ട്. ഈ മൂന്ന് വിഭാഗക്കാര്‍ കൂടാതെ ബ്രസീല്‍, ഇക്വഡോര്‍ തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കാണുന്നവ കേയ്മന്‍, ആഫ്രിക്കയില്‍ മാത്രം കാണുന്ന മേകിസ്‌തോപ്‌സ്, ഓസ്റ്റിയോലേയ്മസ്, പാലിയോസുച്ചസ്, തെക്കേ അമേരിക്കയില്‍ മാത്രം കാണുന്ന മെലാനോസുച്ചസ്, ഇന്തോനേഷ്യ, മലേഷ്യ ഭാഗങ്ങളില്‍ കാണുന്ന ടോമിസ്റ്റൊമാ എന്നിവയടക്കം ഒമ്പത് ജനുസുകളിലുമായി ആകെ ഇരുപത്തിയഞ്ചോളം മുതല സ്പീഷീസുകള്‍ ലോകത്തുണ്ട്. അവയില്‍ ഏറ്റവും കൂടുതല്‍ സ്പീഷീസുകള്‍ ഉള്ളത് ക്രോക്കോഡൈലസ് എന്ന ജനുസില്‍ ആണ്. ഇന്ത്യയില്‍ ക്രോക്കോഡൈലസ്, ഗവിയാലിസ് എന്നീ രണ്ട് ജനുസുകളാണുള്ളത്. ഈ രണ്ട് ജനുസുകളിലായി മൂന്നിനങ്ങളും. അതില്‍ പെട്ട മീന്‍ മുതലകള്‍ ഗംഗ, മഹാനദി, ബ്രഹ്‌മപുത്ര എന്നീ നദികളില്‍ മാത്രമേ ഉള്ളു. മറ്റ് രണ്ടിനം ക്രോക്കോഡൈലസ് മുതലകള്‍ ആണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തടാകങ്ങള്‍, നദികള്‍, കുളങ്ങള്‍ ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളിലാണവ ജീവിക്കുക. കേരളത്തില്‍ ഇവയെ സ്വാഭാവികമായി പറമ്പിക്കുളം, ചാലക്കുടി പുഴ, ഇടമലയാര്‍, ചിന്നാര്‍, വയനാട്, കബനി എന്നിവിടങ്ങളില്‍ ആണ് കാണാറുള്ളത്.
പൊതുവെ പെണ്‍ മുതലകള്‍ക്ക് രണ്ട് മുതല്‍ രണ്ടര മീറ്റര്‍ നീളമുണ്ടാകും. ആണ്‍ മുതലകള്‍ക്ക് മൂന്ന് മൂന്നര മീറ്ററും. അപൂര്‍വ്വമായി അഞ്ച് മീറ്റര്‍ വരെ നീളം വയ്ക്കാറുണ്ട്. ചൂട് കൂടിയാലും വളരെയധികം കുറഞ്ഞാലും മണ്ണില്‍ കുഴികുത്തി അതില്‍ കിടക്കാന്‍ ശ്രമിക്കും. മണ്ണില്‍ ഉണ്ടാക്കുന്ന കുഴികളിലാണ് പെണ്‍ മുതല മുട്ടയിടുക. മുട്ടവിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ ആണാണോ പെണ്ണാണോ എന്നത് ചൂടിനെ ആശ്രയിച്ചിരിക്കും. കുഞ്ഞുങ്ങളെ ഒരു വര്‍ഷത്തോളം പരിപാലിക്കും. കുഞ്ഞുങ്ങള്‍ പലതരം പ്രാണികളേയും വണ്ടുകളേയും മറ്റുമാണ് തീറ്റയാക്കുക. മുതിര്‍ന്നവര്‍ മത്സ്യം, ഉരഗങ്ങള്‍ പക്ഷികള്‍ സസ്തനികള്‍ എന്നിവയെ ഒക്കെ തിന്നും.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളില്‍ വളരെകുറച്ചെണ്ണം മാത്രമേ അതിജീവിക്കാറുള്ളുവെങ്കിലും ഇവര്‍ 70 വര്‍ഷം വരെ ആയുസുള്ളവരാണ്. ഇത്തരം ക്രോകോഡൈലുകള്‍ക്ക് ഉപ്പുവെള്ളത്തില്‍ ജീവിക്കാന്‍ സഹായിക്കുന്ന പ്രത്യേക തരം ഗ്രന്ഥികള്‍ നാവിലുണ്ട്. ഇതു വഴി ശരീരത്തിലുള്ള അമിത ലവണാംശം പുറത്ത് കളയാന്‍ ഇവര്‍ക്ക് കഴിയും. അലിഗേറ്ററുകള്‍ക്കും ഈ ഗ്രന്ഥികള്‍ ഉണ്ടെങ്കിലും അത്രമാത്രം വികസിച്ചിട്ടില്ല. അതിനാല്‍ അലിഗേറ്റര്‍മാര്‍ കൂടുതലായും ശുദ്ധജല പരിസരങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്.