By Shyma Mohan.29 07 2022
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍.
ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിത്ത് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയില്‍ പറയുന്നു.
മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ കേസില്‍ പെടുത്തിയത്. വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുതയാണ് കാരണം. തന്റെ മുന്‍ ഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും ഉത്തരവാദിയാണെന്ന് അപേക്ഷയില്‍ ദിലീപ് ആരോപിച്ചു.