By parvathyanoop.30 01 2023
കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നായയെ അഴിച്ചുവിട്ട സംഭവത്തില്‍ ലഹരി വില്‍പ്പനക്കാരന്‍ അറസ്റ്റില്‍.കാക്കനാട് തുതിയൂര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവന്ന ലിയോണ്‍ റെജിയാണ് പിടിയിലായത്.
ഇയാളുടെ കയ്യില്‍ നിന്നും മയക്കു മരുന്ന് വാങ്ങി പിടിയിലായ യുവാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ഇയാളുടെ വീട്ടില്‍ പരിശോധനയ്ക്ക് വന്നത്.
അഞ്ച് ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായയെ ഉപയോഗിച്ചാണ് ഉദ്യാഗസ്ഥരെ തടയാന്‍ ശ്രമം നടത്തിയത്.
പിന്നീട് ബല പ്രയോഗത്തിലൂടെ റൂമില്‍ കയറിയ എക്സൈസ് സംഘം പട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ലിയോണിനെ പിടിക്കുന്ന സമയം ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു മയക്കു മരുന്ന് വില്‍പ്പന നടത്തിയിരുന്നത്.
സാധനം വാങ്ങാന്‍ ഓണ്‍ലൈന്‍ വഴി പണം നല്‍കുന്നയാള്‍ക്ക് ഇയാള്‍ വീടിന്റെ ലൊക്കേഷന്‍ അയച്ചു കൊടുക്കുകയും ഇവിടെ വെച്ച് ഇടപാട് നടത്തുകയും ചെയ്യും.
എക്സൈസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍ ലിയോണിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നവരെ കുറിച്ച് സൂചന ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നുമാണ് സൂചന.