ആരോഗ്യ പ്രവർത്തകരിൽ വാക്സിൻ എടുത്തവർ കുറവ്; ആശങ്കയെന്ന് കേന്ദ്രം

By anilpayyampalli.10 06 2021

imran-azhar

 ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരിലും കോവിഡ് മുന്നണി പോരാളികളിലും വാക്‌സിൻ എടുത്തവർ കുറവാണെന്ന കാര്യം കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ.

 

 

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ആശങ്ക അറിയിച്ചത്.

 

 

ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും വാക്‌സിന്റെ രണ്ടാംഡോസ് കുത്തിവെക്കുന്ന പ്രവർത്തനം വേഗത്തിലാക്കണമെന്ന് യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

 

 

ഈ വിഭാഗത്തിൽ വാക്‌സിന്റെ രണ്ടാം ഡോസ് എടുത്തവർ കുറവാണെന്ന കാര്യം ആശങ്ക ഉയർത്തുന്നതാണെന്ന് മന്ത്രാലയ സെക്രട്ടറി ചൂണ്ടിക്കാട്ടി.

 


കോവിഡ് വ്യാപനത്തെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിനും വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്കിടയിൽ വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അവർ സുരക്ഷിതരായിരിക്കണം.

 

 


വാക്‌സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അത് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ് വാക്‌സിനേഷനിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വേണ്ടുവോളമില്ല.

 

 

പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 25 ശതമാനവും സ്വകാര്യ മേഖലയ്ക്ക് വാങ്ങാൻ കഴിയും.

 

 


വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് സ്വകാര്യ മേഖലയും പിൻതുണ നൽകേണ്ടതാണ്.

 

 

എന്നാൽ ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ വാക്‌സിൻ കുത്തിവെപ്പിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ സാന്നിധ്യം കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വാക്‌സിൻ കുത്തിവെപ്പ് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കോവിൻ പ്ലാറ്റ്‌ഫോമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും യോഗത്തിൽ കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു.

 

 

വാക്‌സിൻ കുത്തിവെപ്പ് എടുക്കുന്നവരുടെ പേര്, ജനിച്ച വർഷം, സ്ത്രീയോ പുരുഷനോ എന്നകാര്യം, തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവയിൽ തിരുത്തലുകൾ വരുത്താം. ഈ നാലെണ്ണത്തിൽ ഏതെങ്കിലും രണ്ട് വിവരങ്ങൾ മാത്രമെ ഒരാൾക്ക് തിരുത്താൻ കഴിയൂ.

 

 

 


ഒറ്റത്തവണ മാത്രമെ തിരുത്തൽ അനുവദിക്കൂ. ഒരു തവണ തിരുത്തൽ നടത്തിയാൽ പഴയ സർട്ടിഫിക്കറ്റ് ഡിലീറ്റ് ചെയ്യപ്പെടും.

 

 

പിന്നീട് തിരിച്ചെടുക്കാനാവില്ല. വാക്‌സിൻ ടൈപ്പ്, വാക്‌സിനേഷൻ തീയതി തുടങ്ങിയവ കോവിനിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ അവ ജില്ലാ ഇമ്യൂണൈസേഷൻ ഓഫീസറുടെ സഹായത്തോടെ കൂട്ടിച്ചേർക്കാമെന്നും കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു.

 

 

 

 

 

 

OTHER SECTIONS