By Shyma Mohan.26 07 2022
അങ്കാര: വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ പാമ്പിന്‍ തല കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിക്കെതിരെ പരാതി നല്‍കി. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടെത്തിയത്. തുര്‍ക്കി വിമാനക്കമ്പനിയായ സണ്‍എക്‌സ്പ്രസിനെതിരെയാണ് ക്യാബിന്‍ ക്രൂ അംഗം പരാതി നല്‍കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ 21ന് തുര്‍ക്കിയിലെ അങ്കാരയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഫോര്‍ഡിലേക്ക് പോയ വിമാനത്തിലെ ക്യാബിന്‍ ക്രൂവിനാണ് പാമ്പിന്‍ തലയുള്ള ഭക്ഷണം ലഭിച്ചത്. ഭക്ഷണത്തില്‍ ഉരുളക്കിഴങ്ങിനും മറ്റ് പച്ചക്കറികള്‍ക്കും ഇടയിലാണ് പാമ്പിന്റെ തല കണ്ടതെന്ന് ക്യാബിന്‍ ക്രൂ അംഗം പരാതിയില്‍ പറയുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം പരാതി നിഷേധിച്ച് ഭക്ഷണം വിതരണം ചെയ്ത കമ്പനി രംഗത്തെത്തി. 280 ഡിഗ്രി സെല്‍ഷ്യസിലാണ് തങ്ങള്‍ ഭക്ഷണം ചെയ്യുന്നതെന്നായിരുന്നു അവരുടെ അവകാശവാദം. വീഡിയോയില്‍ കാണുന്ന രീതിയിലുള്ള പാമ്പിന്റെ തലയാണ് ഭക്ഷണത്തില്‍ കണ്ടെത്തിയതെങ്കില്‍ അത് പുറത്തുനിന്ന് വന്നതാകാനാണ് സാധ്യതയെന്നും അവര്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സണ്‍എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും ഭക്ഷണ വിതരണക്കാരുമായുള്ള കരാര്‍ താല്‍ക്കാലികമായി റദ്ദാക്കിയതായും എയര്‍ലൈന്‍ വക്താവ് അറിയിച്ചു. വ്യോമയാന മേഖലയില്‍ 30 വര്‍ഷത്തിലേറെ പരിചയമുള്ള, ഞങ്ങളുടെ വിമാനത്തില്‍ അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതാണ്. അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുന്‍ഗണനയെന്നും സണ്‍എക്‌സ്പ്രസ് വക്താവ് പറഞ്ഞു.