By Shyma Mohan.02 12 2022
പാരീസ്: ചില ഭക്ഷണങ്ങള്‍ കാണുമ്പോള്‍ നാം ആലോചിക്കാറുണ്ട് ഇത് ഏതുരാജ്യത്ത് നിന്നാണ് വരുന്നതെന്നും അതിന്റെ ഉത്ഭവത്തെക്കുറിച്ചും ചിന്തിക്കുക സ്വാഭാവികം. ബഗെറ്റ് എടുക്കുക. ഇത് ഫ്രാന്‍സിന്റെ നേര്‍ക്കാഴ്ചയാണ്. ഫ്രഞ്ച് ബഗെറ്റിന് യുനെസ്കോ പൈതൃക സംരക്ഷണ പദവി നല്‍കിയിരിക്കുകയാണ്. നെപ്പോളിയന് പിസ, ബെല്‍ജിയന്‍ ബിയര്‍ കള്‍ച്ചര്‍, അറബിക് കോഫി എന്നിവ പോലെ ഫ്രഞ്ച് സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുള്ള ബഗെറ്റും പൈതൃക സംരക്ഷണ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.
ഏറ്റവും മികച്ച ബഗെറ്റ് നിര്‍മ്മാതാവ് ആരാണെന്ന് നിര്‍ണ്ണയിക്കാന്‍ ഫ്രാന്‍സില്‍ വാര്‍ഷിക മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. വിജയിക്ക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ താമസിക്കുന്ന എലിസി കൊട്ടാരത്തിലേക്ക് ബഗെറ്റുകള് വിതരണം ചെയ്യാനുള്ള സുവര്‍ണ്ണാവസരവും ലഭിക്കും. മാവ്, വെള്ളം, യീസ്റ്റ്, ഉപ്പ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബഗെറ്റിന് 250 ഗ്രാം മുതല്‍ 300 ഗ്രാം വരെ ഭാരവും 65 സെന്റിമീറ്ററില്‍ കുറവ് നീളവുമാണുള്ളത്.
നെപ്പോളിയന് തന്റെ പട്ടാളക്കാര്‍ക്ക് അവരുടെ സൈനിക യൂണിഫോമിന്റെ ട്രൗസര്‍ പോക്കറ്റില്‍ ഇടാന്‍ പാകത്തില്‍ ഇണങ്ങുന്ന ലഘുഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു, 1890കളില്‍ പാരീസ് മെട്രോ(സബ് വേ) നിര്‍മ്മിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ കീറിമുറിക്കാന്‍ കഴിയുന്ന ഭാരം കുറഞ്ഞ ഒരു ബ്രെഡ് ആരെങ്കിലും കണ്ടുപിടിച്ചതാകാം. അതുവഴി തൊഴിലാളികളുടെ എതിരാളികളായ സംഘങ്ങള്‍ പരസ്പരം കത്തികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം തുടങ്ങി നിരവധി മനോഹരമായ കഥകളാണ് ബഗെറ്റിന്റെ ഉത്ഭവത്തെക്കുറിച്ചുള്ളത്.