By Shyma Mohan.07 12 2022
ബെര്‍ലിന്‍: സര്‍ക്കാരിനെതിരെ അട്ടിമറി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് രാജ്യത്തുടനീളം നടത്തിയ റെയ്ഡില്‍ 25 പേര്‍ അറസ്റ്റില്‍.
പാര്‍ലമെന്റ് മന്ദിരമായ റീച്ച്സ്റ്റാഗില്‍ അതിക്രമിച്ച് കയറി അധികാരം പിടിച്ചെടുക്കാന്‍ തീവ്ര വലതുപക്ഷക്കാരും മുന്‍ സൈനികരും ചേര്‍ന്ന് പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജകുമാരന്‍ എന്ന് വിളിക്കപ്പെടുന്ന ഹെന്റിച്ച് പതിമൂന്നാമന്‍ എന്ന 71കാരനാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്നും ആരോപിക്കപ്പെടുന്നു. പതിനൊന്ന് ജര്‍മ്മന്‍ സംസ്ഥാനങ്ങളിലുടനീളം അറസ്റ്റിലായവരില്‍ ആരോപിക്കപ്പെടുന്ന രണ്ട് സംഘത്തലവന്‍മാരില്‍ ഒരാളാണ് ഹെന്റിച്ച് പതിമൂന്നാമന്‍ എന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
അക്രമാസക്തമായ ആക്രമണങ്ങളുടെയും വംശീയ ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെയും പേരില്‍ ജര്‍മ്മന്‍ പോലീസിന്റെ നോട്ടപ്പുള്ളികളായ റീച്ച്‌സ്ബര്‍ഗര്‍ പ്രസ്ഥാനത്തിലെ അംഗങ്ങളും ഗൂഢാലോചനയില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആധുനിക ജര്‍മ്മന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവരാണിവര്‍. റിപ്പബ്ലിക്കിനെ അട്ടിമറിക്കാനും പകരം 1871ലെ ജര്‍മ്മനിയുടെ മാതൃകയിലുള്ള ഒരു പുതിയ രാഷ്ട്രം സ്ഥാപിക്കാനും ഗൂഢാലോചന നടത്തിയതായി പറയപ്പെടുന്ന ഗ്രൂപ്പില്‍ അമ്പതോളം പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നതായി ആരോപണമുണ്ട്. 2021 നവംബര്‍ മുതല്‍ സംഘം അക്രമാസക്ത അട്ടിമറിക്ക് പദ്ധതിയിടുന്നതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍ പറയുന്നു.