By parvathyanoop.28 01 2023
ദോഹ :ഖത്തറില്‍ മഴ ഇന്നും തുടരും. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ അതിക്തമായ മഴയാണ് ഇവിടെ ലഭിയ്ക്കുന്നത്. വടക്കന്‍ മേഖലയില്‍ ഇപ്പോള്‍ ഇടിയോടു കൂടിയ മഴയുമാണ്.റാസ് ലഫാനില്‍ ആണ് ഏറ്റവുമധികം മഴ പെയ്തത്-52.5 മില്ലിമീറ്റര്‍.
വലിയ വെള്ളക്കെട്ടുകള്‍ സൃഷ്ടിച്ചതിനാല്‍ ഗതാഗത തടസ്സവുമുണ്ടായി. മഴയെ തുടര്‍ന്ന് അടിഞ്ഞുകൂടിയ മാലിന്യങ്ങളും വെള്ളവും നഗരസഭ മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് അതോറിറ്റിയും ചേര്‍ന്ന് നീക്കം ചെയ്യുന്നുണ്ട്.
ഹമദ് വിമാനത്താവളത്തില്‍ 45.4, മിസൈദില്‍ 23.2, തുറായ്നയില്‍ 19.9, ദോഹ നഗരത്തില്‍ 17.5, ഗുവൈരിയയില്‍ 26.8 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. റുവൈസ്, ദുഖാന്‍, ഷെഹെയ്മിയ എന്നിവിടങ്ങളില്‍ മഴ കുറവായിരുന്നു.
ഇന്നലെയും കനത്ത മഴ തുടര്‍ന്നു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത് .ഇന്ന് കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസുമാണ്.
കാറ്റ് മണിക്കൂറില്‍ 8നും 18 നും ഇടയിലും ചില സമയങ്ങളില്‍ 29 നോട്ടിക്കല്‍ മൈലും വേഗത്തില്‍ വീശുന്നുണ്ട്. പകലും രാത്രിയും തണുപ്പ് ശക്തമാണ്. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പു കൂടിയ ദിവസങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.
ഈ മാസം അവസാനം വരെ തണുപ്പേറിയ ദിനങ്ങളായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് വ്യക്തമാക്കി.അതേ സമയം യുഎഇയില്‍ ഏതാനും ദിവസമായി പെയ്യുന്ന മഴ ഇന്നു കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
2 ദിവസമായി അടച്ച ഗ്ലോബല്‍ വില്ലേജ് ഇന്നലെ തുറന്നെങ്കിലും സന്ദര്‍ശകര്‍ കുറവായിരുന്നു. വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും പ്രക്ഷുബ്ധമായ കടലില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി.
ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ ഇന്നലെയും ശക്തമായ മഴ അനുഭവപ്പെട്ടു. ഇതോടെ യുഎഇയില്‍ തണുപ്പും കൂടി. അടുത്ത 2 ദിവസം കൂടി തണുപ്പുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ദുബായിലും വടക്കന്‍ എമിറേറ്റുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
ഷാര്‍ജ സുഹൈല്‍, അല്‍ഖോറോസ്, റാസല്‍ഖൈമയിലെ അല്‍ഗായില്‍, ഫുജൈറയിലെ അല്‍ഹന്‍യ, ദുബായിലെ അല്‍ഖവാനീജ്, ഉമ്മുല്‍ഖുവൈനിലെ അല്‍ റാഷിദിയ, അബുദാബിയിലെ മുഷ്‌റിഫ്, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ആണ് കൂടുതല്‍ മഴ ലഭിച്ചത്. ഇന്നു വൈകിട്ട് 4 വരെ മഴയുണ്ടാകുമെന്നാണ് സൂചന. ഞായറാഴ്ച മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്.