കാനഡയില്‍ നിന്ന് ഭാരതത്തിലേക്കുള്ള ദൂരം

By Web Desk.26 09 2023

imran-azhar

 

 


രാജ്യാന്തരരംഗത്ത് ഇതിനകം ഒറ്റപ്പെട്ടുപോയ കനേഡിയന്‍ ജനത ഇപ്പോള്‍ തന്നെ ട്രൂഡോയെ തള്ളിപ്പറഞ്ഞു തുടങ്ങി. ഈ നില തുടര്‍ന്നാല്‍ ട്രൂഡോയുടെ പരിപൂര്‍ണ്ണ പതനത്തിലേയ്ക്ക് അത് എത്തും

 


ടി.പി.രാജീവന്‍

 

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഭാരതവും കാനഡയും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ രാജ്യാന്തര സമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഭാരതത്തിലാണ്. പുതിയ ഭാരതത്തില്‍. അവര്‍ ചര്‍ച്ച ചെയ്യുന്നതാവട്ടെ, പുതിയ ഭാരതത്തിന്റെ ഉറച്ച നിലപാടുകളെ കുറിച്ചും. എതിരാളി എത്ര വലിയവനായാലും വമ്പനോ കൊമ്പനോ ആയാലും ആരുടെ മുന്നിലും മുട്ടുമടക്കില്ലെന്നതാണ് പുതിയ ഭാരതത്തിന്റെ പ്രഖ്യാപിത നയം. രാജ്യരക്ഷ ഉറപ്പുവരുത്താനായി ഏതറ്റം വരെയും പോകുമെന്നതും.
നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംജാതമായ വാക്പോര് നീണ്ടുപോകും തോറും നില പരുങ്ങലിലാവുന്നത് ആരുടേതാണ്? നിജ്ജാര്‍ സ്ഥിരം കുറ്റവാളി എന്നതിലുപരി കൊടുംഭീകരന്‍ കൂടി ആയിരുന്നു എന്നതിനുള്ള തെളിവുകള്‍ നിത്യേനയെന്നോണം ഭാരതം പുറത്തുവിടുകയാണ്. അങ്ങിനെയുള്ള ഒരാളിന് കനേഡിയന്‍ പൗരത്വം നല്‍കി ട്രൂഡോ ഭരണകൂടം അയാളെ സംരക്ഷിക്കുകയായിരുന്നു എന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. അതോടെ സ്വന്തം ജനതയുടെ പിന്തുണ കൂടി ട്രൂഡോവിന് നഷ്ടപ്പെടുകയാണ്.

 

പോര് മുറുകുംതോറും കൂടുതല്‍ കൂടുതല്‍ നാണംകെടുകയും അതിലേറെ ഒറ്റപ്പെടുകയും ആവും ട്രൂഡോയുടെ അവസ്ഥ. എന്നാല്‍ നേരെമറിച്ചാവും ഭാരതത്തിന്റെ സ്ഥിതി. ഭീകരരുടെ വിളയാട്ടം, അത് എവിടെ ആയാലും അതിന്റെ അടിവേരറുക്കാന്‍ ശപഥമെടുത്ത് കര്‍മ്മപഥത്തില്‍ ഇറങ്ങിയ ഭാരതത്തിന് അനുദിനം പിന്തുണ ഏറി വരികയാണ്. രാജ്യാന്തര സമൂഹത്തിന്റെ ഈയൊരു പിന്തുണ ഖലിസ്ഥാന്‍ ഭീകരരുടെ കാര്യത്തിലും തുടരുമെന്നതില്‍ തര്‍ക്കമില്ല. ഇസ്ലാമിക ഭീകരതയെ തറപറ്റിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ പരസ്പരം കൈകോര്‍ത്ത് തുടങ്ങുന്നതിനിടയിലാണ് ട്രൂഡോയുടെ തരംതാണ ആരോപണവും വാക്പോരും. രാജ്യാന്തരരംഗത്ത് ഇതിനകം ഒറ്റപ്പെട്ടുപോയ കനേഡിയന്‍ ജനത ഇപ്പോള്‍ തന്നെ ട്രൂഡോയെ തള്ളിപ്പറഞ്ഞു തുടങ്ങി. ഈ നില തുടര്‍ന്നാല്‍ ട്രൂഡോവിന്റെ പരിപൂര്‍ണ്ണ പതനത്തില്‍ ആവും അത് എത്തിനില്‍ക്കുക. മാത്രവുമല്ല ജി 20 സമ്മേളനാനന്തരം ഭാരതത്തിന് കല്‍പ്പിക്കപ്പെട്ട് പോരുന്ന വിശ്വഗുരുവെന്ന പുതിയ പരിവേഷത്തിന് അത് കൂടുതല്‍ ശോഭ പകരുകയും ചെയ്യും.

 

അതേസമയം വിദേശ മണ്ണില്‍ കടന്ന് കയറി കൊല നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് ഭാരതം സഹകരിക്കണമെന്ന ആവശ്യം ഇപ്പോഴേ ദുര്‍ബലമായി കഴിഞ്ഞു. അത്തരമൊരു ആവശ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള താല്‍പര്യം അത് ഉയര്‍ത്തി വിട്ട അമേരിക്കയ്ക്ക് തന്നെയാവും. കാരണം, അങ്ങിനെ ഒരാവശ്യം ശക്തിപ്പെട്ടാല്‍ വിദേശമണ്ണില്‍ നടന്ന മറ്റു പല കൊലപാതകങ്ങളും അന്വേഷിക്കേണ്ടതായി വരും. അത് ആരുടെയെല്ലാം മുഖം വികൃതമാക്കുമെന്ന് അത്തരം കൊലപാതകങ്ങളില്‍ പങ്കാളികളായവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും നന്നായി അറിയാം. പ്രഖ്യാപിത ശത്രുക്കളെ പല കാലങ്ങളില്‍ കൊന്ന് കുഴികുത്തി മൂടിയവര്‍ക്കും; കല്ലില്‍ കെട്ടി കടലില്‍ താഴ്ത്തിയവര്‍ക്കും മറ്റും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനോ, കൈകഴുകി നല്ലപിള്ള ചമയാനോ ആവില്ലെന്നത് തന്നെ. പിന്നെ സ്വന്തം കയ്യിലിരിപ്പുകൊണ്ട് ന്യൂഡല്‍ഹിയില്‍ നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്കോ അദ്ദേഹത്തിന് മണ്ടന്‍ ബുദ്ധി ഉപദേശിച്ചവര്‍ക്കോ ഇത്തരം നാടകങ്ങള്‍ നടിക്കാം എന്ന് മാത്രം.

 

വാസ്തവത്തില്‍ ജി 20 ന്റെ വന്‍വിജയത്തോടെ രാജ്യാന്തരതലത്തില്‍ പുതിയൊരു ചിന്താപദ്ധതി രൂപപ്പെട്ടുവരികയായിരുന്നു. അത്പ്രകാരം ചന്ദ്രയാന്‍ പോലുള്ള മഹദ്പദ്ധതികളില്‍ ഐതിഹാസിക വിജയം നേടിയ ഭാരതത്തിന് ഒപ്പം ചേര്‍ന്ന് നിന്ന് വലിയ വലിയ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളിലുമായിരുന്നു പലരും.

 

അതിനിടയിലായിരുന്ന ചില രഹസ്യ അജണ്ടകളുമായുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ രംഗപ്രവേശം. രാജ്യവിരുദ്ധ ശക്തികളുടെ വലിയൊരു ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിരുന്നുവെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ദില്ലി സമ്മേളനാനന്തരം രാജ്യാന്തര രംഗത്ത് നടക്കുമായിരുന്ന ചര്‍ച്ചയുടെ ഗതിമാറ്റാന്‍ ട്രൂഡോ സംഘത്തിന് സാദ്ധ്യമായെന്നത് സത്യം. തല്‍ക്കാലത്തേക്കെങ്കിലും. ലോകപ്രശസ്ത ധനതത്ത്വശാസ്ത്രജ്ഞന്‍ ജിം ഓ നീലിനെ പോലുള്ളവരുടെ അത്യന്തം ശ്രദ്ധേയമായ വിലയിരുത്തലുകള്‍പോലും വേണ്ടവിധം ചര്‍ച്ച ചെയ്യാതെ പോയി എന്നതാണ് വാസ്തവം. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഗ്ലോബല്‍ ഇക്കണോമിക്സ് റിസര്‍ച്ചിന്റെ തലവനായിരുന്ന ബ്രിട്ടീഷുകാരനാണ് ജിം ഓ നീല്‍. പിന്നീട് ഏറെക്കാലം കേംബ്രിഡ്ജ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ റൈസിംഗ് പവേഴ്സിന്റെ ഉപദേശക സമിതി അംഗമായിരുന്നു നീല്‍.

 

ഇക്കഴിഞ്ഞ ആഗസ്റ്റ് അവസാനം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയും തൊട്ട്പിറകെ ദില്ലിയില്‍ നടന്ന ജി 20 ഉച്ചകോടിയും സസൂക്ഷ്മം നിരീക്ഷിച്ച നീല്‍ ഈ രണ്ട് സമ്മേളനങ്ങളുടേയും ജയാപജയങ്ങള്‍ ഇഴകീറി പരിശോധിക്കുകയുണ്ടായി. അതിലേക്ക് കടക്കും മുമ്പ് ഈ സമ്മേളനങ്ങളില്‍ ഭാരതത്തിന്റെ പ്രകടനം എങ്ങിനെയായിരുന്നെന്ന് നമ്മള്‍ പരിശോധിക്കേണ്ടതായുണ്ട്.
ബ്രിക്സും ജി 20 ഉം പൂര്‍ണ്ണമായി കൈയടക്കാന്‍ ചൈന ആവിഷ്‌ക്കരിക്കുന്ന തന്ത്രങ്ങളെ കുറിച്ച് ഏതാണ്ടൊരു ധാരണ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഭാരതത്തിന് ഉണ്ടായിരുന്നു. അതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള മറുതന്ത്രങ്ങള്‍ക്ക് ഭാരതവും രൂപം നല്കി. ഈ രണ്ട് സമ്മേളനങ്ങള്‍ക്ക് തയ്യാറെടുക്കും മുമ്പ് ചൈനയുടെ ആത്മവിശ്വാസം തകര്‍ക്കുക എന്ന തന്ത്രമാണ് ഭാരതം ആവിഷ്‌ക്കരിച്ചത്. ബ്രിക്സിനും ജ 20 നും മുമ്പ് നടക്കുന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ 23-ാം മത് വാര്‍ഷിക സമ്മേളനത്തെ മറുതന്ത്രം പയറ്റാനുള്ള വേദിയാക്കി മാറ്റി ഭാരതം. ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാന്‍, ഖസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെകിസ്ഥാന്‍ എന്നീ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍. ഷീ ജിന്‍ പിങ്ങ,് വ്ളാഡിമിര്‍ പുടിന്‍, ഷെഹ്ബാസ് ഷെറീഫ് തുടങ്ങിയ രാഷ്ട്രതലന്മാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാനുള്ള അവസരം ഭാരതത്തിന് ആയിരുന്നു. കിട്ടിയ അവസരം മോദി ആവോളം ഉപയോഗപ്പെടുത്തി എന്ന് പറയുകയാവും ഉചിതം.

 

രാജ്യസുരക്ഷ, സാമ്പത്തിക വികസനം, സൗഹാര്‍ദം, അംഗരാഷ്ട്രങ്ങളുടെ പരമാധികാരത്തേയും പ്രാദേശികമായ സമഗ്രതയേയും അന്യോന്യം ബഹുമാനിക്കുക തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്കുംവിധമാവണം ചര്‍ച്ചകള്‍ എന്നൊരു നിര്‍ദ്ദേശം മോദി മുന്നമേ മുന്നോട്ടുവച്ചു. തുടര്‍ന്ന് സുപ്രധാനമായ രണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഷി ജിന്‍ പിങ്ങിനും ഷെഹ്ബാസ് ഷെരീഫിനും എതിരെ മോദി ആഞ്ഞടിച്ചു. ചില അംഗ രാജ്യങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കുട പിടിക്കുന്നതായി ആരോപിച്ചായിരുന്നു മോദിയുടെ തുടക്കം. ജമ്മു-കശ്മീരില്‍ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ അദ്ദേഹം തുറന്നു കാട്ടി. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ പോലുള്ള രാജ്യാന്തരവേദികളില്‍ കൊടും ഭീകരര്‍ക്ക് ചൈന കവചം ഒരുക്കുന്നതായി മോദി തുറന്നടിച്ചു. തീര്‍ന്നില്ല. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യറ്റീവിനോട് സഹകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. നിര്‍ദ്ദിഷ്ട ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് തങ്ങളുടെ രാജ്യാതിര്‍ത്തി (പാക് അധീന കാശ്മീര്‍) യിലൂടെ ആണെന്നും അത് നിശബ്ദം നോക്കി നില്‍ക്കാന്‍ ഭാരതത്തിനാവില്ലെന്നും മോദി ദൃഢസ്വരത്തില്‍ പറഞ്ഞു. എന്നാല്‍ മുഖാമുഖമുള്ള മോദിയുടെ ഈ കുറ്റപ്പെടുത്തല്‍ ഷീ ജിന്‍ പിങ്ങിന്റെ ആത്മവിശ്വാസത്തെ തെല്ലൊന്നുമല്ല ഉലച്ചത്.
ഷാങ്ഹായ് സമ്മേളനം നല്‍കിയ കരുത്തുമായാണ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജോഹന്നസ്ബര്‍ഗില്‍ മോദി എത്തിയത്. എന്നാല്‍ ഷാങ്ഹായില്‍ ഏറ്റ പ്രഹരത്തിന് തിരച്ചടി നല്കാന്‍ ഉറച്ചായിരുന്നു ഷീ ജിന്‍ പിങ്ങിന്റെ വരവ്. ഭാരതത്തിന്റെ ആജന്മ ശത്രുവായ പാക്കിസ്ഥാന് ബ്രിക്സില്‍ അംഗത്വം നല്‍കിക്കൊണ്ട് തിരിച്ചടിക്കാനായിരുന്നു ഷീ യുടെ തീരുമാനം. പാക്കിസ്ഥാന്റെ അംഗത്വം യാഥാര്‍ത്ഥ്യമാക്കാന്‍ ഷീ പതിനെട്ടടവും പയറ്റുമെന്ന് മോദിക്ക് നന്നായി അറിയാമായിരുന്നു. എസ്.സി.ഒ പോലെ ചൈനയ്ക്ക് വാഴ്ത്ത്പാട്ട് പാടുന്ന വൈതാളികരുടെ സംഘമായി ബ്രിക്സിനെ ചൈന മാറ്റിയെടുക്കുമെന്നും മോദിക്ക് ഉറപ്പുണ്ടായിരുന്നു. സമ്മേളനം തുടങ്ങിയപാടേ ഇതിനുള്ള മറുമരുന്ന് മോദി പുറത്തെടുത്തു. പുതിയ അംഗത്വവിതരണത്തിന് നിയതവും വ്യക്തവുമായ മാനദണ്ഡങ്ങള്‍ വേണമെന്നതായിരുന്നു അത്. 40 ലേറെ രാജ്യങ്ങള്‍ ബ്രിക്സില്‍ അംഗത്വം ആഗ്രഹിച്ചിരുന്നെങ്കിലും 23 രാജ്യങ്ങള്‍ അപേക്ഷ നല്‍കി തങ്ങളുടെ ഊഴം കാത്ത് കഴിയുകയായിരുന്നു. പാക്കിസ്ഥാന്റെ അംഗത്വത്തിനായി ആദ്യന്തം ചൈന പൊരുതിയെങ്കിലും മാനദണ്ഡങ്ങളില്‍ ഇളവ് പാടില്ലെന്ന കടുംപിടിത്തത്തില്‍നിന്ന് കടുകിട ഭാരതവും പിന്‍മാറിയില്ല. ഒടുവില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അര്‍ജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ. എന്നീ 6 രാജ്യങ്ങള്‍ക്ക് അംഗത്വം ലഭിച്ചു. ചൈന എത്രയെല്ലാം പിന്‍തുണച്ചിട്ടും ബ്രിക്സില്‍ ഇടംപിടിക്കാനാവാതെ പാക്കിസ്ഥാന്‍ പടിക്ക് പുറത്ത് തന്നെയായി.

 

അമേരിക്കയ്ക്ക് ഒപ്പമോ അതിലുപരിയോ ഒരാഗോള ശക്തിയായി വളരാന്‍ എളുപ്പമാകും വിധം ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഒരു പൊതു കറന്‍സി കൊണ്ടുവരിക എന്നതായിരുന്നു, ചൈനയുടെ മറ്റൊരു തന്ത്രം. ഡോളര്‍ ഇടപാടുകള്‍ക്ക് ബദലായി സ്വന്തം കറന്‍സിക്ക് കരുത്ത് പകരാനുള്ള പരിശ്രമം ഭാരതം തുടരുകയാണെന്ന വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ പ്രസ്താവനയോടെ ഷീ ജിന്‍ പിങ്ങിന്റെ വാമൂടി കെട്ടിയ നിലയിലായി. ഈവിധം കനത്ത രണ്ട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് ജോഹന്നസ്ബര്‍ഗില്‍നിന്നും ഷീ ജിന്‍ പിങ്ങിന് ചൈനയിലേക്ക് മടങ്ങേണ്ടി വന്നത്.

 

ഏറ്റുവാങ്ങേണ്ടിവന്ന തിരിച്ചടി മനസ്സിലേല്‍പ്പിച്ച മുറിവുണങ്ങാന്‍ മാസങ്ങളോ കൊല്ലങ്ങള്‍ തന്നെയോ വേണ്ടിവരുന്നിരിക്കെ, കേവലം ദിവസങ്ങളുടെ വ്യത്യാസത്തില്‍ നടന്ന ജി 20 ല്‍ പങ്കെടുക്കാതെ ഷീ ജിന്‍ പിങ്ങ് സമ്മേളനത്തിന് പുറംതിരിഞ്ഞ് നിന്നതില്‍ അതിശയപ്പെടാനായി ഒന്നുമില്ല. കനത്ത രണ്ട് തിരിച്ചടി നല്‍കാനായെങ്കിലും ബ്രിക്സില്‍ അംഗത്വം നേടിയ പുതിയ ആറ് അംഗ രാജ്യങ്ങളും ചൈനയോട് വിധേയത്വം പുലര്‍ത്തുന്നവര്‍ തന്നെ ആണെന്നുള്ളതാണ് വസ്തുത. ബ്രിക്സ് ഉച്ചകോടി ചൈനയുടെ വിജയമായി ചിലര്‍ കെട്ടിഘോഷിച്ചതും ഈയൊരു കാരണത്താല്‍ ആയിരുന്നു. എന്നാല്‍ ജി 20 ല്‍ ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം നല്കി ഭാരതം ചൈനയെ മാത്രമല്ല മുഴുവന്‍ ലോക രാഷ്ട്രങ്ങളെയും അമ്പരപ്പിച്ചു. ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്കുകവഴി വന്‍കരയിലെ 55 രാജ്യങ്ങള്‍ക്കാണ് ഒറ്റയടിക്ക് മോദി അംഗത്വം നല്‍കിയത്. അതുവഴി ജി 7 രാജ്യങ്ങളുടെ താന്‍പോരിമയ്ക്ക് അറുതിയായി. അതേസമയം ഗ്ലോബല്‍ സൗത്തിന്റെ സ്വരം കൂടുതല്‍ കരുതാര്‍ജ്ജിക്കുകയും ചെയ്തു. എതിര്‍പ്പോ, വിമതസ്വരമോ ഉയരാതെ ആഫ്രിക്കന്‍ യൂണിയന അതിവേഗം ജി 20 ല്‍ അംഗത്വം നല്‍കാനായത് ഭാരതത്തിന്റെ നയതന്ത്ര വിജയമായി ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെട്ടു.

 

ഉച്ചകോടിയില്‍ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യന്‍- മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ലോക ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി. നീട്ടുകയും ചെയ്യുന്നതോടെ പദ്ധതി യാഥാര്‍ത്ഥ്യമാകും. അതാവട്ടെ ചൈനയ്ക്കുള്ള കനത്ത പ്രഹരമായി തീരുകയും ചെയ്യും.

 

ഈ വിധം എണ്ണിപ്പറയാമെന്ന് വെച്ചാല്‍ ദില്ലിയില്‍ നടന്ന ജി 20 ഉച്ചകോടിയുടെ നേട്ടങ്ങള്‍ ഒട്ടേറെയാണ്. അംഗരാജ്യങ്ങള്‍ക്ക് വിശേഷിച്ചും. ഭാരതത്തിനും നരേന്ദ്രമോദിക്കും ലഭിച്ച അംഗീകാരവും സല്‍കീര്‍ത്തിയും ഇതിനെല്ലാം പുറമേയാണ്. ചുരുക്കത്തില്‍ ഗ്ലോബല്‍ സൗത്ത് എന്ന പുതിയൊരു യാഥാര്‍ഥ്യത്തിന്റെ മുഖവും സ്വരവുമായി മാറാന്‍ ഭാരതത്തിനും ഒപ്പം മോദിക്കും സാധ്യമായി എന്നതാണ് സത്യം. ആഗോളതലത്തില്‍ തന്നെ വികസ്വര രാഷ്ട്രങ്ങളും വികസിത രാഷ്ട്രങ്ങളും ഒരേപോലെ ഭാരതത്തില്‍ വിശ്വാസവും അതിലേറെ പ്രതീക്ഷയും അര്‍പ്പിച്ച് തുടങ്ങി എന്നത് ഒട്ടും നിസ്സാരമല്ല. ആര്‍ക്കും അവഗണിക്കാന്‍ ആവുന്നതുമല്ല.
സമ്മേളനാനന്തര ഭാരതത്തെ ലോക ജനത നോക്കിക്കാണുന്നത് എങ്ങനെ എന്നറിയാന്‍ ജിം ഓ നീലിന്റെ പ്രസ്താവനയ്ക്കും തുറന്നുപറച്ചിലുകള്‍ക്കും നാമൊന്ന് കാതുകൊടുത്താല്‍ മതിയാകും. ഈ ഒരു പരിതഃസ്ഥിതിയില്‍ ജി 20 സമ്മേളനം ചരിത്രവിജയമാക്കി മാറ്റിയ മോദി ഈ കാലഘട്ടത്തിലെ അതുല്യ വിജയിയാണ്. ഇപ്രകാരമുള്ള വിലയിരുത്തല്‍ നടത്തിയ നീല്‍ മാറിയ സാഹചര്യത്തില്‍ ഷീ ജിന്‍ പിങ്ങിനേയും മോദിയെയും താരതമ്യം ചെയ്യുന്നുമുണ്ട്. ഷീ ജിന്‍ പിങ്ങിനേക്കാള്‍ തുലോം ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞന്‍ മോദി ആണെന്നാണ് നീലിന്റെ വിലയിരുത്തല്‍.

 

 

OTHER SECTIONS