ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു; മുതിര്‍ന്ന കാനഡ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി

By Web desk.19 09 2023

imran-azhar

 

 

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയിലെ മുതിര്‍ന്ന കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി.

 

തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡ ഹൈക്കമ്മിഷണറെ അറിയിച്ചു. ഹൈക്കമ്മിഷണറെ രാവിലെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കപ്പെടുന്ന നയതന്ത്രജ്ഞന്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പുറത്താക്കുന്ന നയതന്ത്രജ്ഞന്റെ പേര് പുറത്തുവിട്ടിട്ടില്ല.

 


''ഇന്ത്യയിലെ ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം കാനഡ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് പുറത്താക്കപ്പെട്ട നയതന്ത്ര പ്രതിനിധിക്ക് നിര്‍ദ്ദേശം നല്‍കി.

 

കനേഡിയന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്നതിലും ഇന്ത്യാ വിരുദ്ധ നീക്കങ്ങളില്‍ അവര്‍ക്കുള്ള പങ്കിലും ഇന്ത്യന്‍ ഭരണകൂടത്തിനുള്ള വര്‍ധിച്ച ആശങ്കയാണ് ഈ തീരുമാനത്തിനു പിന്നില്‍'' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

 

കഴിഞ്ഞ ജൂണ്‍ 18-നാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

 

ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

 

കാനഡയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി റിപുദാമന്‍ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസടക്കം 10 എഫ്‌ഐആറുകള്‍ ആണ് ഹര്‍ദീപിനെതിരെയുള്ളത്.കാനഡയില്‍ പ്ലമര്‍ ആയാണു ഹര്‍ദീപിന്റെ തുടക്കം.

 

2013ല്‍ പാക്ക് കെടിഫ് തലവന്‍ ജഗ്താര്‍ സിങ് താരയെ സന്ദര്‍ശിച്ചു. 2015ല്‍ പാക്ക് ചാരസംഘടന ഐഎസ്‌ഐ ഹര്‍ദീപിന് ആയുധപരിശീലനം നല്‍കിയെന്നു ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുര്‍ സ്വദേശിയാണ് നിജ്ജാര്‍.

 

 

 

ബുറി ടൗണ്‍ സെന്ററില്‍ കറങ്ങി നടന്ന് പിങ്ക് പ്രാവ്; അമ്പരന്ന് ജനങ്ങള്‍

 

ബുറി ടൗണ്‍ സെന്ററില്‍ പിങ്ക് നിറത്തിലുള്ള പ്രാവ് പ്രത്യക്ഷപ്പെട്ടതോടെ അമ്പരന്ന് ജനങ്ങള്‍. മേല്‍ക്കൂരകളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം ലഭിക്കുന്ന ഭക്ഷണം കഴിക്കുന്ന പക്ഷിയെ കണ്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

 

ടൗണ്‍ സെന്ററിലെ പിങ്ക് നിറമുള്ള പ്രാവിനെ ചില ഉദ്യോഗസ്ഥരും കണ്ടതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. പ്രാവിന് ചായം പൂശിയതാണോ, എന്തിലെങ്കിലും വീണതാണോ, അതോ പക്ഷിയുടെ നിറം പിങ്ക് തന്നെയാണോ എന്നിങ്ങനെയാണ് നാട്ടുകാര്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

'ഈ പിങ്ക് പ്രാവിനെ ബുറിയില്‍ മറ്റാരെങ്കിലും കണ്ടിട്ടുണ്ടോ, എന്തുകൊണ്ടാണ് ഇത് പിങ്ക് നിറത്തിലുള്ളതെന്ന് ആര്‍ക്കെങ്കിലും അറിയാമോ?!' എന്ന് ഒരു ഉപയോക്താവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരുന്നു.

 

'ആരോ ഇതിന് ഒരു ചിപ്പ് നല്‍കുന്നത് ഞാന്‍ കണ്ടു. എന്തുകൊണ്ടാണ് ഇത് പിങ്ക് നിറത്തിലുള്ളതെന്ന് എല്ലാവരും ആശ്ചര്യപ്പെടുന്നു, ഇത് ചായം പൂശുകയതാണെന്ന് ഞാന്‍ കരുതുന്നു, പക്ഷേ ആര്‍ക്കറിയാം?' എന്ന് 43 കാരിയായ സാമന്ത ബ്രൗണ്‍ ബിബിസിയോട് പറഞ്ഞു.

 

 

OTHER SECTIONS