രൂപ വേണ്ട, മറ്റേതെങ്കിലും കറന്‍സി മതിയെന്ന് റഷ്യ

By web desk.09 05 2023

imran-azhar

 

 

ഗോവ: പരസ്പര വാണിജ്യത്തിന് ഡോളറിനു പകരം റൂബിളും രൂപയും ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും റഷ്യയുമായി നടന്ന ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ പെട്രോളിയവും കല്‍ക്കരിയും വാങ്ങി അങ്ങോട്ട് കൊടുക്കേണ്ട രൂപ വളരെ കൂടുതലായതാണ് കാരണം.

 

ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് പരസ്പര വാണിജ്യത്തിന്റെ വളരെ വലിയ ഭാഗം. റഷ്യ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതു വളരെ കുറവുമാണ്. അങ്ങനെ വരുമ്പോള്‍ വര്‍ഷം 4000 കോടി ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ (3.2 ലക്ഷം കോടി രൂപ) റഷ്യയില്‍ കുമിഞ്ഞുകൂടുന്ന സ്ഥിതിയാവും. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കല്ലാതെ വേറൊന്നിനും രൂപ ഉപയോഗിക്കാനും കഴിയില്ല. അതിനാല്‍ റഷ്യയ്ക്ക് രൂപ ഇടപാടില്‍ താല്‍പര്യമില്ലാതാമെന്നും എന്നാല്‍ ഇത് ഡോളര്‍, ദിര്‍ഹം ഉള്‍പ്പെടെ മറ്റേതെങ്കിലും കറന്‍സിയിലേക്ക് മാറ്റാനായാല്‍ അത് ഉപയോഗിക്കാനാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി ഗോവയിലെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

യുക്രെയ്ന്‍ യുദ്ധത്തിനു ശേഷമാണ് രൂപയിലും റൂബിളിലും പരസ്പരം വാണിജ്യം നടത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഊര്‍ജിതമായത്. ഇതുവരെ ഡോളറിലോ യുഎഇ ദിര്‍ഹം പോലുള്ള മറ്റു കറന്‍സികളിലോ ആണ് ഇന്ത്യ റഷ്യന്‍ എണ്ണയ്ക്ക് പ്രതിഫലം നല്‍കിയിരുന്നത്. ചൈനയില്‍ നിന്നു റഷ്യയിലേക്ക് ഇറക്കുമതി ഏറെയുള്ളതിനാല്‍ അതിനു പ്രതിഫലം നല്‍കാന്‍ റഷ്യയ്ക്ക് ചൈനീസ് യുവാന്‍ കിട്ടാനും താല്‍പര്യമുണ്ട്.

 

യുദ്ധം തുടങ്ങിയ ശേഷം റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി 5 ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം കഴിഞ്ഞ ഏപ്രില്‍ 5 വരെ ഇന്ത്യ 5130 കോടി ഡോളര്‍ വില വരുന്ന റഷ്യന്‍ എണ്ണ വാങ്ങി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യ വാങ്ങിയത് 1060 കോടി ഡോളര്‍ വില വരുന്ന എണ്ണ മാത്രം.

 

മറ്റു രാജ്യങ്ങളുമായും രൂപയില്‍ ഇടപാട് നടത്തുന്നതിന്റെ പ്രധാന തടസ്സം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറവും ഇറക്കുമതി കൂടുതലും ആണെന്നതാണ്. ആഗോള കയറ്റുമതിയുടെ 2% മാത്രമാണ് ഇന്ത്യയുടേത്.

 

 

 

 

OTHER SECTIONS