By santhisenanhs.13 05 2022
ന്യൂഡല്‍ഹി: ഏപ്രിലില്‍ രാജ്യം കടന്നുപോയത് ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം രേഖപ്പെടുത്തിയ ദിനങ്ങളിലൂടെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉപഭോക്തൃ വില സൂചിക അനുസരിച്ച് ചെറുകിട വിപണിയില്‍ വിലക്കയറ്റം ഏപ്രിലില്‍ 7.8% ആയി ഉയര്‍ന്നു. 2014 മെയ് മാസത്തിലെ 8.3% ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇക്കഴിഞ്ഞ മാര്‍ച്ചിലെ 7% ആയിരുന്നു ഇത്. നഗര പട്ടണമേഖലയില്‍ വിലക്കയറ്റം 7.1 ശതമാനത്തിനെത്തിയപ്പോള്‍ ഗ്രാമീണ മേഖല ഇതിനെയും മറികടന്ന് 8.4 ശതമാനത്തില്‍ എത്തിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യവില സൂചിക ഏപ്രിലില്‍ 8.4% ആയി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 7.7 ശതമാനത്തേക്കാള്‍ കൂടുതലാണ്. കയറ്റുമതിക്കുള്ള ചരക്ക് വഴിതിരിച്ചുവിട്ടതിനാല്‍ ഗോതമ്പ് വില ഉയര്‍ന്നതാണ് ഇതിന് പ്രധാനകാരണമെന്നും വിദഗ്ധര്‍ പറയുന്നു.
ആഗോള വിപണിയില്‍ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ധനനും, യുക്രെയ്ന്‍ യുദ്ധം വിപണയില്‍ ഉണ്ടാക്കിയ പ്രതിസന്ധിയുമുള്‍പ്പെടെ വിപണിയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പലിശ നിരക്ക് ഉയര്‍ത്തിയതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.