By Web Desk.24 08 2023
ന്യൂഡല്‍ഹി: മികച്ച നടനുള്ള പ്രത്യേക പുരസ്‌കാരം ഇന്ദ്രന്‍സിന്. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഹോം മികച്ച മലയാള ചിത്രമായും തിരഞ്ഞെടുത്തു. വിജയ് ബാബുവാണ് ഹോം നിര്‍മിച്ചത്. സംവിധാനം റോജിന്‍ പി തോമസ്.
ഇന്ദ്രന്‍സിന്റെ 341-ാം ചിത്രമാണ് ഹോം. 2021 ഓഗസ്റ്റ് 19 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും സംവിധായകന്‍ റോജിനാണ്. മഞ്ജുപിള്ള, ശ്രീനാഥ് ഭാസി, ണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തില്‍ ഒളിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ജനറേഷന്‍ ഗ്യാപ് മൂലം ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.
മികച്ച നടന്‍ അല്ലു അര്‍ജുന്‍, നടിമാര്‍ ആലിയ, കൃതി, മികച്ച ചിത്രം റോക്കട്രി, ഇന്ദ്രന്‍സിന് പ്രത്യേക പുരസ്‌കാരം
ന്യൂഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അര്‍ജുനെ മികച്ച നടനായി തിരഞ്ഞെടുത്തു. പുഷ്പ സിനിമയിലൂടെയാണ് പുരസ്‌കാരം. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍.
നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ ചിത്രത്തിലൂടെ വിഷ്ണു മോഹന് ലഭിച്ചു.
ഹോം സിനിമയിലൂടെ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ആണ്.
മികച്ച ചിത്രമായി മാധവന്‍ നായകനായെത്തിയ റോക്കട്രിയെ തിരഞ്ഞെടുത്തു. മികച്ച സംവിധായകന്‍ നിഖില്‍ മഹാജന്‍. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത കണ്ടിട്ടുണ്ട് എന്ന ചിത്രത്തിന് ലഭിച്ചു.
2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം. 24 ഭാഷകളില്‍ നിന്നായി 280 സിനിമകളാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കാന്‍ എത്തിയത്.