സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം

By priya.22 09 2023

imran-azhar

 

തിരുവനന്തപുരം: സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ ഗുണനിവാര അംഗീകാര സംവിധാനമായ ഐ.എല്‍.എ.സിയുടെ ഇന്ത്യന്‍ ഘടകമായ എന്‍.എ.ബി.എല്ലിന്റെ അംഗീകാരം.

 

വിവിധ വിഭാഗങ്ങളിലായി 200-ല്‍പരം പരിശോധനകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം പാറ്റൂരുള്ള പ്രധാന ലബോറട്ടറിയും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലബോറട്ടറിയും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി.

 


പോലീസ്, എക്സൈസ് വനം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കുറ്റകൃത്യ അന്വേഷണങ്ങളില്‍ ആവശ്യമായ ശാസ്ത്രീയ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് കോടതിക്ക് നല്‍കുന്ന സ്ഥാപനമാണിത്.

 

നിശ്ചിത ഫീസടച്ച് പൊതുജനങ്ങള്‍ക്കും വിവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ലബോറട്ടറിയെ സമീപിക്കാം.ടോക്സിക്കോളജി, സീറോളജി, നാര്‍ക്കോട്ടിക്സ്, എക്സൈസ്, ജനറല്‍ കെമിസ്ട്രി എന്നീ വിഭാഗങ്ങളിലായി 82 ശാസ്ത്രീയ പരിശോധകളാണ് ലബോറട്ടറി നടത്തുന്നത്.

 

ആധുനിക ശാസ്ത്രീയ പരിശോധനകള്‍ക്കുള്ള സമഗ്രമായ സംവിധാനങ്ങള്‍ മൂന്നു ലാബിലും ഒരുക്കിയതാണ് ലബോറട്ടറിയെ അന്തര്‍ദേശീയ അംഗീകാരത്തിലേക്ക് എത്തിച്ചത്.

 

2022-23-ല്‍ ടോക്സിക്കോളജി ആന്‍ഡ് സീറോളജി - 11,824, നാര്‍ക്കോട്ടിക്സ് ആന്‍ഡ് എക്സസൈസ് - 21,797, ജനറല്‍ കെമിസ്ട്രി - 777 എന്നിങ്ങനെ ആകെ 33,898 തൊണ്ടി സാധനങ്ങള്‍ ഇവിടെ പരിശോധനയ്ക്കായി ലഭിച്ചിരുന്നു.

 

കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ ശാസ്ത്രീയ പരിശോധനകളുടെ പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലാബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചത് പ്രവര്‍ത്തനോര്‍ജം നല്‍കുന്നതാണെന്നു ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ രഞ്ജിത്ത്. എന്‍. കെ. പറഞ്ഞു.

 

 

 

OTHER SECTIONS