പുടിനെതിരെ അറസ്റ്റ് വാറന്റ്: കോടതിയുടേത് അതിരുകടന്ന നടപടിയെന്ന് റഷ്യ

By Priya.18 03 2023

imran-azhar

 

യുദ്ധ കുറ്റങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുദ്ധ കുറ്റത്തിനൊപ്പം യുക്രൈനില്‍ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം.

 

കോടതിയുടേത് അതിരുകടന്ന നടപടിയെന്ന് റഷ്യ പ്രതികരിച്ചു.കോടതിക്ക് അംഗരാജ്യങ്ങള്‍ക്കെതിരെ മാത്രമേ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമല്ലെന്നും റഷ്യ വ്യക്തമാക്കി.

 

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ സെലന്‍സ്‌കി നടപടിയെ സ്വാഗതം ചെയ്തു. റഷ്യ എതിര്‍ക്കുമ്പോഴും അറസ്റ്റ് വാറണ്ട് പരസ്യമാക്കിയത് പുടിന്റെ അന്താരാഷ്ട്ര യാത്രകള്‍ക്ക് തടസ്സമായേക്കും.


യുക്രൈന്റെ മേല്‍ ആണവായുധം പ്രയോഗിക്കുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, യാഥാര്‍ത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ഗ്രിഗറി യവിലന്‍സ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

ആണവായുധ ആക്രമണം നടത്തുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ല.ക്രൈമിയ തിരിച്ചുപിടിക്കാന്‍ യുക്രൈന്‍ ശ്രമിച്ചാല്‍ അത്തരത്തിലൊരു ആക്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

 

പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, അത് കൃത്യമാണ്. അത്തരത്തിലൊരു ആക്രമണം വളരെ ഗൗരവകരമായ വിഷയമാണ്. നിലവിലെ സാഹചര്യത്തില്‍ ഇത് വെറുതെയല്ല, ഗൗരവതരമായാണ് കണക്കിലെടുക്കേണ്ടതെന്നും ഗ്രിഗറി പറഞ്ഞിരുന്നു.

 

 

 

OTHER SECTIONS