By parvathyanoop.30 01 2023
തിരുവനന്തപുരം: ആധുനിക കൃഷിരീതിയെ സംബന്ധിച്ച് പഠനം നടത്താന്‍ കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും തിരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരും നടത്താനിരുന്ന ഇസ്രയേല്‍ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റി.
ഇസ്രയേലിലെ ചില പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ കാരണം യാത്ര നീട്ടിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.ഫെബ്രുവരി 12 മുതല്‍ 19 വരെയായിരുന്നു യാത്രാ പരിപാടി നിശ്ചയിച്ചിരുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ സമയത്ത് 2 കോടി ചെലവിട്ടുള്ള യാത്ര ഏറെ വിവാദമായിരുന്നു. യാത്രയില്‍ ഇടം പിടിക്കാന്‍ കൃഷി ഡയറക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അണിയറനീക്കം നടത്തിയതും ആരോപണങ്ങളുണ്ടാക്കി.
വകുപ്പു സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഇത്തരം പഠനയാത്രകള്‍ പൊതുവേ നടത്തുക. യാത്രാ സംഘത്തിലേക്ക് കൃഷി വകുപ്പിലെ മൂന്ന് അഡീഷനല്‍ ഡയറക്ടര്‍മാരുടെ പേര് ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി ഫയല്‍ അയച്ചിരുന്നു.
പാര്‍ട്ടി അനുഭാവമുള്ളവരെ മാത്രമാണു മന്ത്രിക്കൊപ്പം കൂട്ടുന്നതെന്നും ആരോപണം വന്നിരുന്നു. ഫയല്‍ പരിശോധിച്ചശേഷമാണ് യാത്ര മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നാണു വിവരം.
സംസ്ഥാനത്ത് കൃഷി വകുപ്പിന്റെയും സപ്ലൈക്കോയുടെയും പ്രവര്‍ത്തനം ഏറെ പ്രശ്‌നത്തിലാണ്. നെല്ല് സംഭരിച്ച പണം പോലും വിതരണം ചെയ്യാന്‍ സപ്ലൈക്കോയ്ക്ക് സാധിച്ചിട്ടില്ല. നെല്ല് സംഭരിച്ച വകയില്‍ 236.74 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ഇനിയും നല്‍കാനുള്ളത്.