കടല്‍ക്കൊല; ബോട്ടിലുണ്ടായിരുന്ന എല്ലാവരും നഷ്ടപരിഹാരത്തിന് അര്‍ഹര്‍: സുപ്രീം കോടതി

By Shyma Mohan.25 11 2022

imran-azhar

 

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീംകോടതി.

 

സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. ബോട്ട് ഉടമ ഫ്രഡിക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ടുകോടിയില്‍ നിന്നാണ് ഈ തുക നല്‍കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എംആര്‍ ഷാ, എംഎം സുന്ദരേശ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

 

ബാക്കിയുള്ള 1.45 കോടി രൂപ ഉടമയ്ക്ക് കൈമാറണം. ഒമ്പത് പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഇതിനാല്‍ ഇവരുടെ കുടുംബത്തിന് തുക കൈമാറണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. മത്സ്യത്തൊഴിലാളികളില്‍ മരിച്ച ജോണ്‍സണന്റെ വിധവയ്ക്ക് തുക കൈമാറാനും നിര്‍ദ്ദേശമുണ്ട്. തുക കൃത്യമായി വിതരണം ചെയ്യാനും കേരള ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

എന്റിക ലക്സി എന്ന് പേരിലുള്ള കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ 2012 ലാണ് 2 മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയത്. വെടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളികളുടെ ആശ്രിതര്‍ക്കൊപ്പം ബോട്ടുടമയ്ക്കും 2 കോടി രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഈ തുകയുടെ ഒരു ഭാഗം തങ്ങള്‍ക്കും അവകാശെപ്പട്ടതാണ് എന്ന് ചൂണ്ടിക്കാട്ടി ബോട്ടിലെ തൊഴിലാളികളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഹര്‍ജിയിലാണ് കോടതി തീരുമാനം.

 

OTHER SECTIONS