By parvathyanoop.01 12 2022
തിരുവനന്തപുരം: കുരുന്നുകള്‍ക്ക് ഉല്ലസിക്കുവാനായി നിര്‍മ്മിച്ച കവടിയാര്‍ ജംഗ്ഷന് സമീപമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉപയോഗ ശൂന്യമായിട്ടും നവീകരണത്തിനൊരുങ്ങാതെ അധികൃതര്‍.
പാര്‍ക്ക് നവീകരിച്ച് ഹൈടെക്കാക്കാനുള്ള പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. പാര്‍ക്ക് നവീകരണത്തിനായി ആദ്യം അനുവദിച്ച തുക തികയാത്തതാണ് പദ്ധതി ഇഴയാന്‍ കാരണമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.
സര്‍ക്കാര്‍ ആദ്യം അനുവദിച്ചത് 30 ലക്ഷം രൂപയാണ് ഇതില്‍ 10 ലക്ഷം രൂപ കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ വാങ്ങാന്‍ ഉപയോഗിച്ചു. എന്നാല്‍ നവീകരണത്തിന് കൊണ്ടുവന്ന ചല്ലിയും ഇഷ്ടികയും ഹോളോബ്രിക്സും ഇപ്പോഴും ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. മാത്രമല്ല പാര്‍ക്കിലെ സ്ലൈഡ് തകര്‍ന്ന നിലയിലാണ്, സീസോ, ഊഞ്ഞാല് മുതലായവ തുരുമ്പെടുത്ത് തകര്‍ന്നിരിക്കുകയാണ്.
നഗരസഭയുടെ വക ഒരു ഇ-ടോയ്ലെറ്റും, കഫറ്റീരിയ കെട്ടിടത്തിന്റെ പണിയും പാതിവഴിയിലാണ്. ചുറ്റു മതിലുകള്ക്കുയരമില്ലാത്തതും, ഗേയ്റ്റുകള്‍ പിടിപ്പിക്കാത്തതും ഇവിടം ആര്‍ക്കും യഥേഷ്ടം ഉപയോഗിക്കാവുന്ന രീതിയിലാണ്. കുട്ടികള്‍ക്കായ് ഈ പാര്‍ക്ക് എത്രയും വേഗം നവീകരണം പൂര്‍ത്തിയാക്കി തുറന്നു നല്‍കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.