By Web Desk.25 09 2023
കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: കാനഡയിലെ എട്ട് ഗുരുദ്വാരകള്‍ നിയന്ത്രിക്കുന്നത് ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് പതിനായിരത്തോളം സിഖ് മതവിശ്വാസികള്‍ ഖലിസ്ഥാന്‍ വാദത്തെ പിന്തുണക്കുകയാണെന്നും ഇവരില്‍ അയ്യായിരത്തോളം പേര്‍ തീവ്ര നിലപാടുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് കൊളംബിയ, ടോറന്റോയുടെ ചില ഭാഗങ്ങള്‍, അബോട്ട്‌സ്‌ഫോഡ്, ബ്രാംപ്ട്‌സന്‍ എന്നിവിടങ്ങളിലാണ് ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ സജീവം.
1980 മുതല്‍ ഇരു ഗ്രൂപ്പുകള്‍ തമ്മില്‍ പോര്
രണ്ട് തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് കാനഡയിലുള്ളത്. ഒന്ന് സ്വകാര്യവും രണ്ടാമത്തേത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതുമാണ്. 1980 മുതല്‍ ഗുരുദ്വാരകളില്‍ ലംഗാര്‍ സമയത്ത് കസേരയും പായയും ഉപയോഗിക്കുന്നത് സംബന്ധിച്ച് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. മിതവാദികളായവര്‍ ലംഗാര്‍ ഹാളില്‍ കസേരകള്‍ മതിയെന്ന് പറയുമ്പോള്‍ തീവ്രഗ്രൂപ്പുകാര്‍ പായ മതിയെന്ന് പറയുന്നു.
സറേയിലെ ഗുരുനാനാക് സിഖ് ടെമ്പിള്‍ ഗുരുദ്വാരയില്‍ ഇപ്പോള്‍ ഖലിസ്ഥാനി വിഭാഗമാണ് ഭരണം നടത്തുന്നത്. ഈയടുത്ത് കൊല്ലപ്പെട്ട നിജ്ജാര്‍ രണ്ട് തവണ ഈ ഗുരുദ്വാരയുടെ പ്രസിഡന്റായിരുന്നു.
എട്ട് ഗുരുദ്വാരകള്‍ നിയന്ത്രിക്കുന്നത് ബ്രിട്ടീഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗണ്‍സിലാണ്. ഇതില്‍ നാല് ഗുരുദ്വാരകള്‍ തീവ്രവാദികളും നാലെണ്ണം മിതവാദികളുമാണ് നിയന്ത്രിക്കുന്നത്. ഒന്റാറിയോ പ്രവിശ്യയിലെ ഡിക്‌സി ഗുരുദ്വാര ഭരിക്കുന്നതും ഖലിസ്ഥാനി ഗ്രൂപ്പാണ്.
വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍, സിഖ് യൂത്ത് ഫെഡറേഷന്‍, സിഖ് ഫോര്‍ ജസ്റ്റിസ്, ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്‌സ്, ഖലിസ്ഥാനി ലിബറേഷന്‍ ഫോഴ്‌സ്, ഖലിസ്ഥാനി കമാണ്ടോ ഫോഴ്‌സ്, ഖലിസ്ഥാനി ടൈഗര്‍ ഫോഴ്‌സ്, ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ എന്നിവ കാനഡയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ വ്യപിച്ചു കിടക്കുന്ന ഖലിസ്ഥാനി തീവ്രവാദ സംഘടനകളാണ്.
എന്നാല്‍ 1906 ല്‍ സ്ഥാപിതമായ ഖല്‍സ ദിവാന്‍ സൊസൈറ്റി എന്നത് ഒരു ഇന്ത്യ അനുകൂല സിഖ് സമൂഹമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ച സമൂഹമാണിത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഗുരുദ്വാരകള്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, രബീന്ദ്രനാഥ ടാഗോര്‍, നരേന്ദ്ര മോദി എന്നിവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ സമൂഹത്തിന്റെ ഏറ്റവും വലിയ ഗുരുദ്വാര വാന്‍കൂവറിലലേതാണ്.