കൊച്ചി മെട്രോയുടെ പ്രവര്‍ത്തന വരുമാനം ഉയര്‍ന്നു; വര്‍ധനവ് 145 ശതമാനം

By Web Desk.22 09 2023

imran-azhar

 

 


തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പ്രവര്‍ത്തന വരുമാനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2020-21 വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നു.

 

കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഫേസ്ബുക്ക് കുറിപ്പ്:

 

ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന കാര്യമാണ് അവിടുത്തെ പൊതുഗതാഗത രംഗത്തിന്റെ വളര്‍ച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തിലുണ്ടായ 145% വര്‍ദ്ധനവുവഴി പ്രവര്‍ത്തന ലാഭം നേടിയിരിക്കുന്നു.

 

2017 ജൂണില്‍ സര്‍വ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നത്.

 

കൊച്ചി മെട്രോയുടെ പ്രവര്‍ത്തന വരുമാനം 2020-21 വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ ആരംഭിച്ച 2017 ല്‍ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്.

 

കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍) ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായി.

 

അത്യാധുനിക പശ്ചാത്തല സൗകര്യങ്ങള്‍ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാര്‍ത്തെടുക്കാന്‍ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു.

 

കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും.

 

 

 

OTHER SECTIONS