ഭീതി പടര്‍ത്തി 'ലെറ്റര്‍ ബോംബ്'; ലക്ഷ്യമിട്ടത് സ്പാനിഷ് പ്രധാനമന്ത്രിയെയും എംബസികളേയും

By parvathyanoop.03 12 2022

imran-azhar

 

മാഡ്രിഡ്: സ്‌പെയിനിനെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി ലെറ്റര്‍ബോംബ് ആക്രമണങ്ങള്‍. വ്യാഴാഴ്ച യുഎസ് എംബസിയിലെത്തിയ ലെറ്റര്‍ ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കി. ഇത് ആറാം തവണയാണ് ഉന്നതരെ ലക്ഷ്യമിട്ട് പാഴ്സല്‍ രൂപത്തില്‍ സ്‌ഫോടകവസ്തു എത്തുന്നത്.

 

സംഭവങ്ങളെതുടര്‍ന്ന് സ്‌പെയിന്‍ ഭരണകൂടം രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കി. യുക്രൈനിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിക്കില്ലെന്നും സ്‌പെയ്ന്‍ പ്രഖ്യാപിച്ചു.നവംബര്‍ 24-ന് പ്രധാനമന്ത്രി പെട്രോ സാഞ്ചേസിനെ ലക്ഷ്യമിട്ടാണ് ആദ്യം സ്‌ഫോടകവസ്തു അടങ്ങിയ പാക്കേജ് എത്തിയത്. ഇതേത്തുടര്‍ന്ന് പൊതുവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

 

എന്നാല്‍, പിന്നീട് പ്രതിരോധ മന്ത്രാലയം, വ്യോമസേനാ ആസ്ഥാനം, ഇന്‍സ്റ്റാല്‍സ എന്ന ആയുധനിര്‍മാണ ശാല, യുക്രൈന്‍ എംബസി എന്നിവിടങ്ങളിലും സ്‌ഫോടകവസ്തുവെത്തി. യുക്രൈന്‍ എംബസിയിലെത്തിയ പാക്കേജ് തുറന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.

 


അതേസമയം, യുക്രൈനിലെ തുറമുഖ നഗരമായ ഒഡേസയില്‍ യുക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നികോവിനെ സന്ദര്‍ശിച്ച സ്പാനിഷ് പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് യുക്രൈനിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ഉറപ്പുനല്‍കി.

 

ലെറ്റര്‍ ബോംബുകളും മറ്റ് ആക്രമണങ്ങളും യുക്രൈനിന് പിന്തുണ നല്‍കാനുള്ള സ്‌പെയിനിന്റെയും നാറ്റോ രാജ്യങ്ങളുടേയും യൂറോപ്യന്‍ യൂണിയന്റെയും നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്ന് മാര്‍ഗരിറ്റ റോബിള്‍സ് പറഞ്ഞു.
യുഎസ് എംബസിയില്‍ എത്തിയ പാക്കേജ് സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയും പിന്നീട് സ്പാനിഷ് പോലീസ് അത് നിശിപ്പിക്കുകയും ചെയ്തു.

 

യുക്രൈന്‍ എംബസിയില്‍ പാക്കേജ് പൊട്ടിത്തെറിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈകള്‍ക്ക് ചെറിയ പരിക്കേറ്റിരുന്നു. വടക്കു കിഴക്കന്‍ സ്‌പെയിനിലെ സറാഗോസയിലുള്ള ആയുധ നിര്‍മാണ സ്ഥാപനമായ ഇന്‍സ്റ്റലാസയില്‍ ബുധനാഴ്ചയാണ് ലെറ്റര്‍ബോംബ് എത്തിയത്.

 

യുക്രൈനിന് 1000 സി90 റോക്കറ്റ് ലോഞ്ചറുകള്‍ നിര്‍മിച്ച് നല്‍കിയത് ഇവിടെ നിന്നാണ്.യൂറോപ്യന്‍ യൂണിയന്‍ സാറ്റലൈറ്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യോമതാവളത്തിലും സ്‌പെയ്‌നിന്റെ പ്രതിരോധ മന്ത്രാലയത്തിലും യുഎസ് എംബസിയിലും പാക്കേജ് എത്തി.

 


ലെറ്റര്‍ ബോംബ് ആക്രമണ ശ്രമങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്ന് സ്‌പെയിനിലെ യുക്രൈന്‍ അംബാസഡര്‍ സെര്‍ബി പൊഹറെല്‍സേവ് ആരോപിക്കുന്നു. യുക്രൈനിന് നേരെ റഷ്യ സൈനിക നടപടി തുടരുകയാണ്.

 

നാറ്റോ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള വലിയ പിന്തുണ യുക്രൈനിന് ലഭിക്കുന്നുണ്ട്. സര്‍ഫേസ് റ്റു എയര്‍ മിസൈല്‍ ലോഞ്ചറുകള്‍, വെടിക്കോപ്പുകള്‍, സുരക്ഷാ കവചങ്ങള്‍ തുടങ്ങി വിവിധ ആയുധങ്ങള്‍ സ്‌പെയിന്‍ യുക്രൈനിന് നല്‍കുന്നുണ്ട്.

 

 

 

OTHER SECTIONS