മലങ്കര മാർത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലം ചെയ്തു

By anil payyampalli.05 05 2021

imran-azhar

 


കോട്ടയം: മലങ്കര മാർത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (104) കാലം ചെയ്തു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 1.15നാണ് മെത്രാപ്പൊലീത്തയുടെ അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.

 

 


വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമത്തിലായിരുന്നു. ഇരിവിപേരൂർ കലകമണ്ണിൽ കെ.ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.

 

 

മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലായുള്ള സ്‌കൂൾവിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. ബെംഗളൂരു , കാന്റർബെറി എന്നിവിടങ്ങളിൽനിന്നായി വേദശാസ്ത്രവും പഠിച്ചു.
കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27ന് ജനിച്ച തിരുമേനിയുടെ ആദ്യത്തെ പേര് ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. 1922 മുതൽ 26 വരെ മാരാമൺ പള്ളി വക സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1926 മുതൽ 1930 വരെ മാരാമൺ മിഡിൽ സ്‌കൂളിലും 1931 മുതൽ 32 വരെ കോഴഞ്ചേരി ഹൈസ്‌ക്കൂളിലും 1932 മുതൽ 33 വരെ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്‌ക്കൂളിലും പഠനം. 1933 മുതൽ 39 വരെ ആലുവ യുസി കോളജ് വിദ്യാർഥി. ഇതിനിടെ 1936ൽ മാതാവിന്റെ വേർപാട്. 1940ൽ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 47 വരെ അവിടെ തുടർന്നു. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം.

 

 

1944ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു, 1944ൽ ബെംഗളൂരു ഇടവക വികാരി. 1948ൽ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ൽ തിരുവനന്തപുരം വികാരി, 1951 മാങ്ങാനം പള്ളി വികാരി. 1953 മേയ് 20ന് റമ്പാൻ സ്ഥാനവും 23ന് എപ്പിസ്‌കോപ്പ സ്ഥാനവും ലഭിച്ചു. 1953ൽ ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ, തോമസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരോടൊപ്പമായിരുന്നു ഇവരിലെ ഇളയവനായ ക്രിസോസ്റ്റം എപ്പിസ്‌കോപ്പയായി അവരോധിക്കപ്പെടുന്നത്. ശാരീരികാവശതകൾ മൂലം സ്ഥാനത്യാഗം ചെയ്തതിന് ശേഷം, 2007 ഒക്ടോബർ 2ന് വലിയ മെത്രോപോലീത്തയായി.

 

 


ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.

 

 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. ക്രൈസ്തവസഭാ ആചാര്യൻമാരിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.

 

 

1953-54 കാലത്ത് കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജിൽ ഉപരിപഠനം. 1954ൽ കോട്ടയം കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതൽ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ പദവി വഹിച്ചു. 1954ൽ അഖിലലോക സഭാ കൗൺസിൽ ഇവാൻസ്റ്റൻ സമ്മേളനത്തിൽ മാർത്തോമ്മാ സഭയുടെ പ്രതിനിധിയായി. 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകൻ. 1963ൽ മിഷനറി ബിഷപ്. 1968ൽ അടൂർകൊട്ടാരക്കര ഭദ്രാസനാധിപനായി. 1968ൽ അഖിലലോക സഭാ കൗൺസിൽ ഉപ്‌സാല സമ്മേളനത്തിൽ മാർത്തോമ്മാ സഭാ പ്രതിനിധി. 1975ൽ വീണ്ടും മിഷനറി ബിഷപ്. 1980ൽ തിരുവനന്തപുരംകൊല്ലം ഭദ്രാസനാധ്യക്ഷനായി.

 

1990ൽ റാന്നി നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായി. 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. കേരളത്തിൻറെ ആത്മീയസാമൂഹിക മണ്ഡലത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന, ദൈവത്തിൻറെ സ്വർണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.

 

 

മറ്റാർക്കും അവകാശപ്പെടാനാവാത്ത നിരവധി സവിശേഷതകൾ ജീവിതത്തോടു ചേർത്തുവച്ചയാൾ കൂടിയായിരുന്നു വലിയ മെത്രാപ്പോലീത്ത. ആത്മീയ ജീവിതത്തിൻറെ ആഴവും പരപ്പും തലമുറകളെ നർമം ചാലിച്ച് പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു അദ്ദേഹം. ജനമനസ്സുകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ആത്മീയ പ്രഭാഷകൻ. ഒരിക്കൽ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താൻ പ്രേരിപ്പിക്കുന്നയാൾ.

 

 


മാരാമൺ കൺവൻഷന്റെ 125 വർഷത്തെ ചരിത്രത്തിൽ 95 ലധികം കൺവൻഷനുകളിൽ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായി. 1954 മുതൽ 2018 വരെ തുടർച്ചയായി 65 മാരാമൺ കൺവൻഷനുകളിൽ പ്രസംഗകനായി. എട്ട് മാരാമൺ കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞെങ്കിലും തുടർന്നു വലിയ മെത്രാപ്പൊലീത്ത സ്ഥാനത്ത് സഭയ്ക്കുള്ളിലും പുറത്തും മാർ ക്രിസോസ്റ്റം നിറഞ്ഞു നിന്നു.

 

 

രണ്ട് വർഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അഞ്ചു സഹോദരങ്ങളുണ്ട്. ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതത്തിൽ നിന്നുളള വലിയ മെത്രാപ്പോലീത്തയുടെ വിടവാങ്ങൽ ഒരു നിർമല ജീവി തത്തിന്റെ പരിസമാപ്തി കൂടിയാണ്.

 

 

 

OTHER SECTIONS