കര്‍ണ്ണാടകയില്‍ ബുര്‍ഖ ധരിച്ച് ആണ്‍കുട്ടികളുടെ ഐറ്റം ഡാന്‍സ്

By Shyma Mohan.09 12 2022

imran-azhar

 

മംഗളുരു: കര്‍ണാടകയിലെ മംഗളൂരുവില്‍ കോളജ് പരിപാടിയില്‍ ബുര്‍ഖ ധരിച്ച് ആണ്‍കുട്ടികളുടെ ഐറ്റം ഡാന്‍സ്. സംഭവത്തില്‍ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളജിലെ നാല് വിദ്യാര്‍ത്ഥികളെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ബുര്‍ഖയിട്ട് ബോളിവുഡ് ഐറ്റം നമ്പര്‍ ഗാനത്തിനൊപ്പമാണ് ഇവര്‍ ചുവടുവെച്ചത്. ബുര്‍ഖയെയും ഹിജാബിനെയും പരിഹസിക്കുന്ന തരത്തിലായിരുന്നു നൃത്തം.

 

ബുര്‍ഖ ധരിച്ചുള്ള വിദ്യാര്‍ത്ഥികളുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന നൃത്തത്തിന് അനുമതി നല്‍കിയ കോളജ് അധികൃതര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നുവന്നു. അശ്ലീല ചുവടുകള്‍ ഉള്ളതിനാല്‍ നൃത്തം അനുചിതമാണെന്നാണ് പലരുടെയും അഭിപ്രായം.

 

എന്നാല്‍ ഈ ഗാനം പരിപാടിക്കായി നല്‍കിയ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ സ്റ്റേജില്‍ കയറി കളിക്കുകയായിരുന്നുവെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും അധികൃതര്‍ ആരോപിച്ചു. സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന് കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങളെ കോളേജ് പിന്തുണയ്ക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനത്തിന്റെ അനൗപചാരിക ചടങ്ങിനിടെയായിരുന്നു സംഭവം.

OTHER SECTIONS