4ജിയെക്കാളും 5ജിയെക്കാളും വലിയ ജി ഉണ്ട്: മുകേഷ് അംബാനി

By Shyma Mohan.03 12 2022

imran-azhar

 


ഗാന്ധിനഗര്‍: 4ജിയെക്കാളും, 5ജിയെക്കാളും വലിയ ജിയാണ് മാതാജിയും പിതാജിയുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അംബാനി. കഴിഞ്ഞയാഴ്ച നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

തന്റെ വിജയത്തിന് മാതാജിയും പിതാജിയും നല്‍കിയ പിന്തുണയെക്കുറിച്ച് അംബാനി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. എന്ത് പ്രതിസന്ധിയിലും അവര്‍ ഏറ്റവും ആശ്രയിക്കാവുന്ന സ്തംഭങ്ങളാണ് മാതാപിതാക്കളെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ 4ജി, 5ജി നെറ്റ്വര്‍ക്കുകളെക്കുറിച്ച് സംസാരിക്കവെ അംബാനി പറഞ്ഞു, ഞാന്‍ നിങ്ങളുടെ സ്വന്തം ഭാഷയില്‍, യുവാക്കളുടെ ഭാഷയില്‍ ഒരു കാര്യം പറയട്ടെ. ഇക്കാലത്ത്, എല്ലാ യുവാക്കളും 4ജിയുടെയും ഇപ്പോള്‍ 5ജിയുടെയും ആവേശത്തിലാണ്. എന്നാല്‍ അങ്ങനെയൊന്നുമില്ല. മാതാജിയേക്കാളും പിതാജിയേക്കാളും ശ്രേഷ്ഠമായ ഈ ലോകത്തില്‍ മറ്റൊരു ജിയില്ല. അവര്‍ നിങ്ങളുടെ ഏറ്റവും ആശ്രയയോഗ്യമായ ശക്തി സ്തംഭങ്ങളാണ്.

 

ഇന്ന് എല്ലാ ലൈറ്റും നിങ്ങളുടെ മുകളിലാണ്. മാതാപിതാക്കളുടെ ചിറകിനിടയില്‍ നിന്നും നിങ്ങള്‍ മുതിര്‍ന്നവരായി. നിങ്ങള്‍ വേദിയിലേക്ക് നടന്ന് നിങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നത് കാണാന്‍ മാതാപിതാക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് അവരുടെ ചിരകാല സ്വപ്നമാണ് അത്. നിങ്ങളെ ഇവിടെ എത്തിക്കാന്‍ അവര്‍ സഹിച്ച പോരാട്ടങ്ങളും ത്യാഗങ്ങളും ഒരിക്കലും മറക്കരുതെന്നും നിങ്ങളുടെ വിജയത്തില്‍ അവരുടെ സംഭാവനകള്‍ വിലമതിക്കാന്‍ സാധിക്കില്ലെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS