By Shyma Mohan.03 02 2023
ന്യൂഡല്‍ഹി: ലോകനേതാക്കളെ ഞെട്ടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ജനപ്രിയ ആഗോള നേതാക്കളുടെ പട്ടികയില്‍ നിരവധി ലോക നേതാക്കളെ പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തി.
ബിസിനസ് ഇന്റലിജന്‍സ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ടിന്റെ ഏറ്റവും പുതിയ സര്‍വേ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് പ്രകാരം ജോ ബൈഡന്‍, ഋഷി സുനക് എന്നിവരുള്‍പ്പെടെ 22 രാജ്യങ്ങളിലെ നേതാക്കളെ പിന്തള്ളി പ്രധാനമന്ത്രി മോദി ഏറ്റവും ജനപ്രിയമായ ആഗോള നേതാവായി മാറി. 78 ശതമാനം റേറ്റിംഗുമായാണ് പ്രധാനമന്ത്രി മോദി സര്‍വേയില്‍ ഒന്നാമതെത്തിയത്.
68 ശതമാനം റേറ്റിംഗ് നേടിയ മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് 58 ശതമാനം റേറ്റിംഗുമായി മൂന്നാമതാണ്. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ 52 ശതമാനം റേറ്റിംഗുമായി ജനപ്രിയ പട്ടികയില്‍ നാലാമതും, ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വ 50 ശതമാനം റേറ്റിംഗ് നേടി അഞ്ചാമതുമെത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും 40 ശതമാനം റേറ്റിംഗോടെ ഈ പട്ടികയില്‍ യഥാക്രമം ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഈ പട്ടികയില്‍ 30 ശതമാനം റേറ്റിംഗ് നേടി 16-ാം സ്ഥാനത്താണ്. 29 ശതമാനം റേറ്റിംഗ് നേടിയ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയാണ് പതിനേഴാം സ്ഥാനത്തും നില്‍ക്കുന്നു.
യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചെക്ക് റിപ്പബ്ലിക്, മെക്സിക്കോ, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോളണ്ട്, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മോണിംഗ് കണ്‍സള്‍ട്ടന്റ് പട്ടികയില്‍ ഉള്‍പ്പെട്ട 22 രാജ്യങ്ങളിലെ പ്രമുഖ നേതാക്കള്‍.