'സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തുമെന്ന് ആശങ്ക': എസ്ആര്‍എഫ്ടിഐ വിദ്യാര്‍ത്ഥി യൂണിയന്‍

By Web desk.22 09 2023

imran-azhar

 

 

 

 

ന്യൂഡല്‍ഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്ത്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവര്‍ത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്ധ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

'രാജ്യത്തെ മതേതരത്വത്തിന് ഭീഷണിയാവുന്ന വിഭാഗീയ പ്രസ്താവനകള്‍ പോലും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന, പ്രത്യേകിച്ചും വിഭാഗീയ പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ ഉന്നത പദവിയില്‍ ഇരിക്കുന്നത് സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്തേക്കാമെന്ന ആശങ്കയുണ്ട്.' പ്രസ്താവനയില്‍ പറയുന്നു.

 

എസ്ആര്‍എഫ്ടിഐ സര്‍ഗാത്മഗതയുടേയും കലാപ്രകടനത്തിന്റേയും ആശയകൈമാറ്റത്തിന്റേയും കേന്ദ്രമാണ്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ ആശയത്തെ സ്വാതന്ത്ര്യത്തോടെ അവതരിപ്പിക്കാന്‍ ഈ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അധ്യക്ഷനും ചെയര്‍മാനും ഉണ്ടായിരിക്കണം. സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുമെന്ന് തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

 

കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപിക്കാണ്.

 

OTHER SECTIONS