By Shyma Mohan.03 02 2023
വാര്‍സോ: യുക്രെയ്‌നില്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ റഷ്യയെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ പോളണ്ടും ബാള്‍ട്ടിക് രാജ്യങ്ങളും.
റഷ്യയും സഖ്യകക്ഷിയും അയല്‍രാജ്യവുമായ ബലാറസിനെയും ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കുകയാണെങ്കില്‍ 2024ലെ പാരീസ് ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് പോളണ്ടിന്റെ കായിക മന്ത്രി കാമില്‍ ബോര്‍ട്ട്നിക്സുക്ക് പറഞ്ഞു. ഇരു രാജ്യങ്ങളെയും പങ്കെടുപ്പിക്കാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം വന്നതിന് പിന്നാലെയാണ് പോളണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. യുകെയും അമേരിക്കയും ഉള്‍പ്പെടെ 40ഓളം രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും പോളണ്ട് കായിക മന്ത്രി പറഞ്ഞു.
റഷ്യയെ പങ്കെടുപ്പിച്ചാല്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് യുക്രെയ്‌നും നിലപാടെടുത്തു. എന്നാല്‍ റഷ്യ വിരുദ്ധ സഖ്യത്തിന്റെ തീരുമാനം വാസ്തവത്തില്‍ സ്വന്തം രാജ്യങ്ങളിലെ കായിക താരങ്ങള്‍ക്കാണ് ദോഷമാകുക എന്ന് ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചു.
ഫെബ്രുവരി 10ന് നടക്കുന്ന യോഗത്തിന് മുന്‍പ് ഐഒസിയുടെ റഷ്യയെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കാനുള്ള പദ്ധതികള്‍ തടയുന്നതിന് ബ്രിട്ടണ്‍, യുഎസ്, കാനഡ എന്നിവയുള്‍പ്പെടെ 40 രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കും. ഈ സഖ്യം ഗെയിംസ് ബഹിഷ്‌കരിക്കുകയാണെങ്കില്‍, ഒളിമ്പിക്‌സിന്റെ നടത്തിപ്പ് തന്നെ അര്‍ഥശൂന്യമാകുമെന്നും ബോര്‍ട്ട്‌നിക്‌സുക്ക് പറഞ്ഞു.