സത്യവുമായി പുലബന്ധമില്ലാത്ത ആ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു: ചെന്നിത്തല

By Web Desk.04 05 2021

imran-azhar

 

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സി.പി.എം ബി.ജെ.പി ഡീല്‍ തകര്‍ത്ത് ബി.ജെ.പി മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യു.ഡി.എഫുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയും സിപിഎമ്മും തമ്മില്‍  നടത്തിയ വോട്ടുകച്ചവടം  പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി മുന്‍കൂട്ടി എറിഞ്ഞത് മാത്രമാണ് ബി ജെപി, യു.ഡി.എഫിന് വോട്ടുമറിച്ചു നല്‍കി  എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം.  സത്യവുമായി പുലബന്ധമില്ലാത്ത ആ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.


യഥാര്‍ത്ഥത്തില്‍ 69  സീറ്റുകളില്‍ ബിജെപി സിപിഎമ്മിന് പ്രകടമായി തന്നെ വോട്ടുമറിച്ച് നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്ന് വോട്ടുകളുടെ കണക്കുകള്‍ കാണിക്കുന്നു. മറ്റു സീറ്റുകളിലും വ്യാപകമായി കച്ചവടം നട്ന്നിട്ടുണ്ട. നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ്  ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ  ബി ജെ പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ്  സ്ഥാനാര്‍ത്ഥികളാണെന്ന് വോട്ടുകളുടെ കണക്കുകളില്‍ നിന്ന്  വ്യക്തമാണ്.  ഈ നാലിടത്തും  സിപിഎം വോട്ടു കുറയുകയും ചെയ്തു. അവ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കിട്ടിയത്.

 

സിപിഎമ്മും  ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് ആര്‍ എസ് എസ് ഉന്നതന്‍  ബാലശങ്കര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വെളിപ്പെടുത്തിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ അട്ടിമറിക്കപ്പെട്ടതും ഈ ഡീലിന്റെ ഭാഗമായിരുന്നു. അഴിമതിക്കേസുകളിന്മേലുള്ള അന്വേഷണമെല്ലാം കേന്ദ്ര ഏജന്‍സികള്‍ മരവിപ്പിച്ചത് ഈ ഡീലിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് മുക്തഭാരതമാണ് ബി.ജെ.പിയുടെയും ലക്ഷ്യം. അതിന്റെയും കൂടി ഭാഗമായിട്ടായിരുന്നു ബി.ജെ.പി സി.പി.എമ്മുമായി ഡീല്‍ ഉണ്ടാക്കിയത്. ഈ  കള്ളക്കച്ചവടം പുറത്ത് വരുമെന്ന് കണ്ടപ്പോഴാണ് മറിച്ച് പറഞ്ഞു കൊണ്ട് ഇല്ലാക്കഥകളുമായി  പതിവ് പോലെ മുഖ്യമന്ത്രി  ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഏത്  കൊച്ചുകുട്ടിക്കും ബോധ്യപ്പെടുന്ന കാര്യം മറച്ച് വച്ച്  പച്ചക്കള്ളം  പ്രചരിപ്പിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

OTHER SECTIONS