By priya.22 09 2023
ലഖ്നൗ: കോവിഡ് മഹാമാരി കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (CAT) ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 3.3 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍.
ഇത് പ്രീമിയര്‍ ഐഐഎമ്മിലേയും മറ്റ് ബി-സ്‌കൂളുകളുടെയും മാനേജ്മെന്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു.
CAT 2023 കണ്‍വീനര്‍ പ്രൊഫ സഞ്ജീത് സിംഗ് പറയുന്നതനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 30% റെക്കോര്‍ഡ് വര്‍ധനയുണ്ടായി. 2022ല്‍ ഇത് 11 ശതമാനമായിരുന്നു.
'CAT-ന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രജിസ്‌ട്രേഷനാണ് ഇത്. കേവല സംഖ്യകളില്‍, വര്‍ഷം തോറും 75,000 അപേക്ഷകളുടെ വര്‍ദ്ധനവ് ഒരു റെക്കോര്‍ഡാണ്,' സിംഗ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ CAT-നെ കുറിച്ചുള്ള പ്രചരണം വര്‍ധിച്ചതും പരീക്ഷ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ടെസ്റ്റ് സിറ്റികള്‍ ചേര്‍ക്കുന്നതും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായതായി ഞാന്‍ വിശ്വസിക്കുന്നുവെന്ന് പ്രൊഫ സിംഗ് പറഞ്ഞു.
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 3.3 ലക്ഷം പേരില്‍ 1.17 ലക്ഷം, അതായത് 38 ശതമാനം പേരും സ്ത്രീകളാണ്. ഈ വര്‍ഷം സ്ത്രീകളുടെ രജിസ്ട്രേഷനില്‍ 3 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
10 വര്‍ഷം മുന്‍പ് വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഐഐഎം ഒന്നിലധികം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2019-ല്‍ 2.41 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 2020-ല്‍ ഇത് 2.28 ആയി കുറഞ്ഞു.
വനിതാ സംവരണ ബില്‍ ഉടന്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് കേന്ദ്രം; സംസ്ഥാനങ്ങളുടെ അനുമതി വേണ്ട
ഡല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വനിതാ സംവരണ ബില്ല് ഉടന്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് കേന്ദ്രം. രാജ്യസഭയിലല്‍ ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് പാസായത്.
ബില്ല് രാജ്യസഭയില്‍ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബില്ലില്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.
അതേസമയം, വനിത വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 215 പേരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചത്.
കഴിഞ്ഞ ദിവസം ബില്ല് ലോക്‌സഭയിലും പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ നേടാനായെന്നും ചര്‍ച്ചക്കിടെ മോദി പറഞ്ഞു. ബില്‍ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാര്‍ക്ക് മോദി നന്ദി അറിയിച്ചു.
ബില്ലുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളുകയായിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിര്‍ദ്ദേശമാണ് തള്ളിയത്.