By parvathyanoop.01 12 2022
ബി.വി. അരുണ്‍ കുമാര്‍
തിരുവനന്തപുരം: മദ്യശാലകള്‍ക്ക് മദ്യം വാങ്ങുന്നതിന് ബെവ്കോ എംഡി രാജസ്ഥാനില്‍ നിന്നും കൊണ്ടുവന്ന സോഫ്റ്റ് വെയര്‍ അമ്പേ പരാജയം. ബാറുടമകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനും ക്ലബുകള്‍ക്കും മദ്യം വാങ്ങാനാകുന്നില്ല. സോഫ്റ്റ് വെയറിലെ തകരാറാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
വടക്കേ ഇന്ത്യക്കാരനായ ബെവ്കോ എംഡി രാജസ്ഥാനില്‍ നിന്നും 15 കോടി രൂപ ചെലവാക്കി കൊണ്ടുവന്ന സോഫ്റ്റ് വെയറാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി കമ്പനികളും ഉള്ളപ്പോഴാണ് അവയെയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ട് ബെവ്കോ എംഡി രാജസ്ഥാനില്‍ നിന്നും സോഫ്റ്റ് വെയര്‍ ഇറക്കുമതി ചെയ്തത്.
മദ്യശാലകള്‍ക്ക് മദ്യം വാങ്ങുന്നതിന്യ ബിവറേജസ് കോര്പ്പറേഷന് സ്വന്തമായി ഒരു സംവിധാനമുണ്ടായിരുന്നു. ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനും ബിയര്‍ ആന്‍ഡ് വൈന്‍ പാര്ലറുകള്ക്കുമായി മദ്യം വാങ്ങുന്നതിനായി ബെവ്കോ തന്നെ കൊണ്ടുവന്ന സംവിധാനമായിരുന്നു 22 വര്‍ഷമായി തുടര്‍ന്നുവന്നത്.
എന്നാല്‍ യോഗേഷ് ഗുപ്ത ബെവ്കോ എംഡിയായി വന്നതോടെ ഈ സംവിധാനത്തെ പാടെ മാറ്റുകയായിരുന്നു. പകരം മദ്യം വാങ്ങുന്നതിന് എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് സോഫ്റ്റ് വെയര്‍ സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു. ഈ സംവിധാനത്തെ എല്ലാ ബാറുടമകളും മദ്യക്കമ്പനികളും കണ്‍സ്യൂമര്‍ഫെഡും സ്വാഗതം ചെയ്തതുമാണ്.
എന്നാല്‍ സോഫ്റ്റ് വെയര്‍ വാങ്ങുന്നതു സംബന്ധിച്ച് യാതൊരുവിധ കൂടിയാലോചനകളും ബെവ്കോ എംഡി നടത്തിയിരുന്നില്ല. പകരം സ്വന്തം ഇഷ്ടപ്രകാരം രാജസ്ഥാനില്‍ നിന്നും 15 കോടി രൂപ നല്കി ഒരു സോഫ്റ്റ് വെയര്‍ കൊണ്ടുവരികയായിരുന്നു. ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനും നേരിട്ടു മദ്യം വാങ്ങുന്നതിനുള്ള സംവിധാനവും മദ്യക്കമ്പനികള്‍ക്ക് തങ്ങളുടെ സ്റ്റോക്ക് കൃത്യമായി മനസിലാക്കുന്നതിനുമായാണ് സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പാക്കിയത്.
ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുമണിവരെ ബെവ്കോയില്‍ നിന്നും നേരിട്ട് മദ്യം വാങ്ങാമെന്നാണ് എംഡി പറഞ്ഞിരുന്നത്.നേരത്തെ കേരളത്തില്‍ 23 ഡിപ്പോകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ ഷോപ്പുകളില്‍ ബില്ലിംഗ് മെഷീനുകളും ഉണ്ടായിരുന്നു. ഈ ഡിപ്പോകളില്‍ മാസാവസാനമാകുമ്പോള്‍ മദ്യം വേണ്ട ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകളില്‍ നിന്നും ബന്ധപ്പെട്ടവര്‍ നേരിട്ടു പോയി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു പതിവ്.
തങ്ങളുടെ കൈയിലെ സ്റ്റോക്കും ആവശ്യമുള്ള മദ്യവും ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതു പ്രകാരമാണ് ബാറുകള്‍ക്കും മറ്റും മദ്യം നല്‍കിയിരുന്നത്. മാത്രമല്ല വെയര്‍ഹൗസുകളില്‍ നിന്നും നല്കുന്ന മദ്യത്തിന്റെ അളവ് മറ്റൊരു സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എത്ര കെയ്സ് മദ്യം സ്റ്റോക്കുണ്ടെന്നും എത്ര കെയ്സ് വിറ്റിട്ടുണ്ടെന്നും എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ബെവ്കോ പഴയ സോഫ്റ്റ് വെയറില്‍ ഫയല്‍ ചെയ്യുമായിരുന്നു.
എല്ലാ ദിവസവും മദ്യക്കമ്പനികള്‍ക്ക് കൃത്യമായി കണക്കുകള്‍ ലഭ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ കോടികള്‍ വിലയുറ്റ സോഫ്റ്റ് വെയറിലൂടെ ഒന്നും അറിയാനാകുന്നില്ലെന്ന് മദ്യക്കമ്പനി ഉടമകള്‍ പറയുന്നു. മാത്രമല്ല തങ്ങള്‍ക്ക് സ്റ്റോക്ക് എടുക്കാനോ, സെയില്‍സ് എത്രയെന്ന് അറിയാനോ, ഓര്‍ഡര്‍ നല്‍കാനോ, ബാറുകള്‍ക്ക് എത്ര കെയ്സ് മദ്യം നല്‍കിയെന്ന് അറിയാനോ സാധിക്കുന്നില്ലെന്ന് കമ്പനി ഉടമകള്‍ പറയുന്നു.
മാത്രമല്ല ഓരോ ദിവസവും കൃത്യമായ കണക്കുകള്‍ സോഫ്റ്റ് വെയറിലൂടെ ലഭ്യമാകുന്നുമില്ല. ഒരു ദിവസം കാണിക്കുന്ന കണക്ക് അടുത്ത ദിവസമാകുമ്പോള്‍ മറ്റൊന്നായാണ് കാണിക്കുന്നത്. ഇക്കാര്യം നിരവധി ബാറുടമകളും മദ്യക്കമ്പനികളും ബെവ്കോയെ അറിയിച്ചെങ്കിലും തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല.