By Shyma Mohan.17 01 2023
ന്യൂഡല്‍ഹി: സിനിമകളെക്കുറിച്ചുള്ള അനാവശ്യ പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചിലര്‍ ചില സിനിമകളെക്കുറിച്ച് നടത്തുന്ന പ്രസ്താവനകള്‍ ദിവസം മുഴുവന്‍ ടിവിയിലും മാധ്യമങ്ങളിലും പ്ലേ ചെയ്യുന്നു. ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മോദി നിര്‍ദ്ദേശിച്ചെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പഠാന്‍ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഈ മാസം 25നാണ് പഠാന്‍ റിലീസ് ചെയ്യുന്നത്.
ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. രാം കദവും നരോത്തം മിശ്രയും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ചിത്രത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ഉപയോഗിച്ചതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ചിത്രം വിലകുറഞ്ഞ പബ്ലിസിറ്റി നേടാനുള്ള തന്ത്രമാണോ അതോ ഗൂഢാലോചനയുണ്ടോ എന്ന് മഹാരാഷ്ട്ര ബിജെപി നേതാവ് രാം കദം ചോദിച്ചത്. മഹാരാഷ്ട്രയില്‍ ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്ന ബിജെപി സര്‍ക്കാര്‍ ഉള്ളതിനാല്‍ ഹിന്ദുത്വ വികാരങ്ങളെ അവഹേളിക്കുന്ന ഒരു സിനിമയും സീരിയലും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സിനിമയില്‍ കാവി വസ്ത്രങ്ങള്‍ ഉപയോഗിച്ചതിരെ മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തി. സിനിമയില്‍ ചില ആക്ഷേപകരമായ രംഗങ്ങള്‍ ഉണ്ടെന്നും ആ ഷോട്ടുകള്‍ മാറ്റിയില്ലെങ്കില്‍ മധ്യപ്രദേശില്‍ പഠാന്‍ നിരോധിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.