വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം സുനക് വെട്ടിക്കുറയ്ക്കുന്നു?

By Shyma Mohan.26 11 2022

imran-azhar

 


ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഓരോ ഇന്ത്യക്കാരനും അത് അഭിമാനത്തിന്റെ നിമിഷമായിരുന്നു.

 

എന്നാല്‍ കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലാണ് സുനക് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുനകിന്റെ തീരുമാനം തിരിച്ചടിയാകും. ഗുണനിലവാരമില്ലാത്ത കോഴ്‌സുകള്‍ക്ക് ചേരുന്ന വിദ്യാര്‍ത്ഥികള്‍ പങ്കാളികളെയോ, ആശ്രിതരെയോ ബ്രിട്ടനിലേക്ക് എത്തിക്കുന്നത് തടയാനുള്ള തീരുമാനം അടുത്തുതന്നെ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുണനിലവാരമില്ലാത്ത ഡിഗ്രി ഏതെന്ന് സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. അതേസമയം താല്‍ക്കാലികമായി എത്തുന്ന വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി കണക്കാക്കരുതെന്ന് ഇന്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.

 

കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടാകുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. 2021ല്‍ 1.73,000 ആയിരുന്നു കുടിയേറ്റമെങ്കില്‍ ഈ വര്‍ഷത്തെ കുടിയേറ്റം 5.04,000 ആയി വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വംശജയായ ആഭ്യന്തര സെക്രട്ടറി സുയെല്ല ബ്രവര്‍മാന്‍ ഇന്ത്യന്‍ കുടിയേറ്റത്തെ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസ കാലാവധി കഴിഞ്ഞും യുകെയില്‍ തങ്ങുന്നത് തടയണമെന്ന് അവര്‍ സുനകിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ തുടരുന്നത് ഇന്ത്യന്‍ കുടിയേറ്റക്കാരാണെന്ന് സുയെല്ല വിമര്‍ശിച്ചിരുന്നു.

 

അതേസമയം ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ പല സര്‍വ്വകലാശാലകള്‍ക്കും വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരം നിയന്ത്രണം രാജ്യപുരോഗതിക്ക് തടസമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം.

OTHER SECTIONS