By Web Desk.20 03 2023
ന്യൂയോര്‍ക്ക്: മാധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു. പങ്കാളി ആന്‍ ലെസ്ലി സ്മിത്തുമായുള്ള വിവാഹനിശ്ചയം മാധ്യമ ഭീമന്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കാലിഫോര്‍ണിയയില്‍ നടന്ന ഒരു പരിപാടിയില്‍ വച്ചാണ് 92 കാരനായ മര്‍ഡോക്കും 66 കാരി സ്മിത്തും കണ്ടുമുട്ടിയത്.
'പ്രണയിക്കാന്‍ ശരിക്കും ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇത് എന്റെ ഒടുവിലത്തെ പ്രണയമാവും എന്നും എനിക്ക് അറിയാമായിരുന്നു. ഞാന്‍ സന്തോഷവാനാണ്.' സ്വന്തം മാധ്യമമായ ദി ന്യൂയോര്‍ക്ക് പോസ്റ്റിനോട് മര്‍ഡോക്ക് പറഞ്ഞു.
'ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇത് ദൈവത്തിന്റെ സമ്മാനമാണ്. ഞാന്‍ വിധവയായിട്ട് 14 വര്‍ഷമായി. റൂപര്‍ട്ടിനെപ്പോലെ എന്റെ ഭര്‍ത്താവും ഒരു ബിസിനസുകാരനായിരുന്നു. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്.'-ന്യൂയോര്‍ക്ക് പോസ്റ്റിനോട് സ്മിത്ത് പറഞ്ഞു.
'ഞങ്ങളുടെ ജീവിതത്തിന്റെ രണ്ടാം പകുതി ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ ഇരുവരും കാത്തിരിക്കുകയാണ്.' മര്‍ഡോക്ക് പറഞ്ഞു.
വേനലിനൊടുവില്‍ ഇരുവരും വിവാഹിതരാവും. വിവാഹ ശേഷം കാലിഫോര്‍ണിയ, മൊണ്ടാന, ന്യൂയോര്‍ക്ക്, യുകെ എന്നിവിടങ്ങളില്‍ ചെലവഴിക്കാനാണ് ദമ്പതികളുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷം അദ്ദേഹം നാലാമത്തെ ഭാര്യ ജെറി ഹാളുമായി വേര്‍പിരിഞ്ഞിരുന്നു. ആദ്യ മൂന്ന് വിവാഹങ്ങളില്‍ നിന്ന് ആറ് കുട്ടികളാണ് മര്‍ഡോക്കിനുള്ളത്. ഓസ്ട്രേലിയന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പട്രീഷ്യ ബുക്കര്‍, സ്‌കോട്ടിഷ് വംശജയായ പത്രപ്രവര്‍ത്തക അന്ന മാന്‍, ചൈനയില്‍ ജനിച്ച വെന്‍ഡി ഡെങ് എന്നിവരെയാണ് മര്‍ഡോക്ക് മുമ്പ് വിവാഹം കഴിച്ചത്.