പുതിയ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് റഷ്യ

By Web desk.17 11 2023

imran-azhar

 

 

മോസ്‌കോ: ആണവശേഷിയുള്ള 'അവാന്‍ഗാര്‍ഡ്' ഹൈപ്പര്‍സോണിക് ഗ്ലൈഡ് വാഹനം ഘടിപ്പിച്ച ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ റഷ്യയുടെ റോക്കറ്റ് സേന തെക്കന്‍ റഷ്യയിലെ വിക്ഷേപണ സൈലോയിലേക്ക് ലോഡ് ചെയ്തതായി റിപ്പോര്‍ട്ട്.റഷ്യയുടെ പ്രതിരോധ മന്ത്രാലയ ടിവി ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

 

2018 ലാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അവാന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വാഹനം പ്രഖ്യാപിച്ചത്. ഇത് യുഎസ് വികസിപ്പിക്കുന്ന പുതുതലമുറ ആയുധങ്ങള്‍ക്കും യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കുമുള്ള മറുപടി ആണെന്നായിരുന്നു റഷ്യയുടെ പരാമര്‍ശം.

 

ലക്ഷ്യത്തോടടുക്കുമ്പോള്‍, അവാന്‍ഗാര്‍ഡ് ഗ്ലൈഡ് വാഹനം റോക്കറ്റില്‍ നിന്ന് വേര്‍പെടുകയും ശബ്ദത്തിന്റെ 27 മടങ്ങ് ( മണിക്കൂറില്‍ 34,000 കിലോമീറ്റര്‍) ഹൈപ്പര്‍സോണിക് വേഗതയില്‍ കുത്തനെ കുതിക്കാന്‍ പ്രാപ്തമായതുമാണ്.

 

ബാലിസ്റ്റിക് മിസൈല്‍ ലോഞ്ച് സൈലോയിലേക്ക് കൊണ്ടുപോകുന്നതിന്റെയും കസാക്കിസ്ഥാന് അടുത്തുള്ള ഒറെന്‍ബര്‍ഗ് മേഖലയിലെ ഒരു ഷാഫ്റ്റിലേക്ക് താഴ്ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള 'സ്വെസ്ദ' ടെലിവിഷന്‍ ചാനല്‍ പുറത്ത് വിട്ടത്.

 

അമേരിക്കയും റഷ്യയും ചൈനയും ഹൈപ്പര്‍സോണിക് ഉള്‍പ്പെടെ നിരവധി പുതിയ ആയുധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

OTHER SECTIONS