ബിബിസി ഡോക്യുമെന്ററി; നിരോധനത്തിനെതിരെ സുപ്രീം കോടതി വാദം കേള്‍ക്കും

By Shyma Mohan.30 01 2023

imran-azhar

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി സീരീസ് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജി അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കും.

 

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി ആറിനാണ് പരമോന്നത കോടതി പരിഗണിക്കുക. തങ്ങളുടെ പ്രത്യേക പൊതുതാല്‍പര്യ ഹര്‍ജികള്‍ അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എംഎല്‍ ശര്‍മ്മയുടെയും മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിംഗും നല്‍കിയ വാദത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചത്.

 


'ഇന്ത്യ: ദി മോദി ക്വസ്റ്റിന്‍ം' നിരോധനം ദുരുദ്ദേശ്യപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം എല്‍ ശര്‍മ്മയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകളുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും അടുത്തയാഴ്ച പരിഗണിക്കും. എന്‍ റാമിനും പ്രശാന്ത് ഭൂഷണിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിംഗാണ് ഹാജരായത്. അടിയന്തര അധികാരം ഉപയോഗിച്ച് ട്വീറ്റുകള്‍ എങ്ങനെ ഇല്ലാതാക്കിയെന്ന് സിയു സിംഗ് ചോദ്യം ഉന്നയിച്ചു.

 

OTHER SECTIONS