By santhisenanhs.13 05 2022
ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷ മാറ്റി വയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ നിശ്ചയിച്ച തിയതിയില്‍ നടത്താനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. പരീക്ഷ തിയതി മാറ്റുന്നത് വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷ മാറ്റി വയ്ക്കുന്നത് മികച്ച തീരുമാനമാകില്ല. അത് അനിശ്ചിതത്വത്തിന് കാണമാകുമെന്നും ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. ആശുപത്രികളില്‍ പിജി ഡോക്ടര്‍മാരുടെ അഭാവം ഉണ്ടെന്നും അതിനാല്‍ പരീക്ഷ മാറ്റിവയ്ക്കുന്നത് അനൗചിതമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
പരീക്ഷയ്ക്ക് തയാറെടുക്കാന്‍ മതിയായ സമയം ലഭിക്കാത്തതിനാല്‍ 8 ആഴ്ചത്തേക്ക് നീട്ടിവയക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പിജി കൗണ്‍സില്‍ 2021 ലെ പരീക്ഷ അഞ്ച് മാസം വൈകിയത് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സമയം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇതോടെ മുമ്പ് നിശ്ചയിച്ച പ്രകാരം ഈ മാസം 21 തന്നെ പരീക്ഷ നടക്കും. മെയ് 16 ന് അഡ്മിറ്റ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.