വന്‍തുക നല്‍കി നേടിയ വിവാഹമോചനങ്ങള്‍; ബില്‍ ഗേറ്റ്‌സ്, വാറന്‍ ബഫറ്റ്, റൂപ്പര്‍ട്ട് മര്‍ഡോക്ക്...

By Web Desk.06 05 2021

imran-azhar

 


ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയാന്‍ തീരുമാനിച്ചു. 27 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്.

 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്ന, മാതൃക ദമ്പതികളായി വാഴ്ത്തുന്ന ഇരുവരുടെയും വിവാഹമോചന വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു.

 

തുടര്‍ന്നും ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യസംഘടനയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്. 2010 ല്‍ ശതകോടീശ്വരന്‍ വാറന്‍ ബഫറ്റുമായി ചേര്‍ന്ന് തുടങ്ങിയ ദി ഗിവിംഗ് പ്ലെജിന് സമ്പത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുമെന്ന് ഇരുവരും പ്രഖ്യാപിച്ചിട്ടുമുണ്ട്.

 

 

നാളിവരെയുള്ളതില്‍ ഏറ്റവും അധികം സ്വത്തുകൈമാറ്റം നടക്കുന്ന വിവാഹമോചനമാണിത് എന്ന കൗതുകവുമുണ്ട്. ഫോബ്‌സിന്റെ പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനാണ് ബില്‍ ഗേറ്റ്‌സ്. 130.5 ബില്ല്യന്‍ ഡോളറാണ് ആസ്തി. യുഎസ് നിയമപ്രകാരം ദമ്പതികള്‍ വിവാഹമോചന വേളയില്‍ തുല്യമായി പങ്കുവയ്ക്കണം. തീര്‍ച്ചയായും ഏറ്റവും 'സമ്പന്നമായ' വിവാഹമോചനം തന്നെയാവും ഇത്!

 

ഇതുവരെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസും ഭാര്യ മാക്ക്‌കെന്‍ഡസി സ്‌കോട്ടും തമ്മിലുള്ള വിവാഹമോചനമാണ് ലോകത്തിലെ ഏറ്റവും ചെലവേറിയത്. 36 ബില്ല്യന്‍ ഡോളറാണ് ഡെഫ് ഭാര്യയ്ക്ക് വിവാഹമോചനദ്രവ്യമായി നല്‍കിയത്. അതായത്, ഏതാണ്ട് 1019 ലെ ഇന്ത്യയുടെ വ്യാപാര കമ്മിക്ക് തുല്യമായ സംഖ്യ!

 

 

മറ്റൊരു ചെലവേറിയ വിവാഹമോചനം രണ്ടു പതിറ്റാണ്ടിനു മുമ്പ് ആര്‍ട്ട് ഡീലറും പന്തയക്കുതിര കമ്പക്കാരനുമായ അലെക് വൈല്‍ഡര്‍സ്റ്റൈനിന്റെ ഭാര്യയും വേര്‍പിരിഞ്ഞതാണ്. 3.8 ബില്ല്യന്‍ ഡോളറാണ് അലെക് ഭാര്യയ്ക്ക് നല്‍കിയത്. അതേ വര്‍ഷം മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്ക് വിവാഹമോചന വേളയില്‍ ഭാര്യയ്ക്ക് നല്‍കിയത് 1.7 ബില്ല്യന്‍ ഡോളറാണ്.

 

2015 ല്‍, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗി ബ്രിന്‍, ഭാര്യ ആന്‍ വോജ്‌സിക്കിക്ക് നല്‍കിയ വിവാഹമോചനദ്രവ്യം എത്രയെന്ന് വ്യക്തമല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മറ്റൊരു ചെലവേറിയ വിവാഹമോചനം വ്യവസായിയും ആയുധ ഇടപാടുകാരനുമായ അഡ്‌നാന്‍ കഷോഗിയുടേതാണ്. 1979 ല്‍, 875 മില്ല്യന്‍ ഡോളറാണ് അദ്ദേഹം നല്‍കിയത്. നിലവില്‍ ഇത്രയും തുകയുടെ മൂല്യം ഏകദേശം 4.9 ബില്ല്യന്‍ വരും.

 

 

 

OTHER SECTIONS