ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കുന്നു

By priya.22 09 2023

imran-azhar

 

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നു. ഇതിനായി 207 കോടിയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി.

 

21 കിടക്കകളുള്ള ഒരു ഡയാലിസിസ് യൂണിറ്റ്, 240 കിടക്കകളുള്ള ഒരു ഐപി ബ്ലോക്ക്, മള്‍ട്ടി ഡിസിപ്ലിനറി ഐസിയു, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒപി സേവനങ്ങള്‍, സെപ്റ്റിക് ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങി ഏറ്റവും നൂതനമായ ട്രോമ കെയര്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.

 

നേരത്തെ പദ്ധതിക്ക് 137.28 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാല്‍ 240 ഐപി കിടക്കകളും ഡയാലിസിസ് യൂണിറ്റും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ആരോഗ്യവകുപ്പ് മുന്നോട്ടു വയ്ക്കുകയായിരുന്നു.

 

ഇതു പരിഗണിച്ചാണ് 207 കോടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനായുള്ള ഫണ്ട് കിഫ്ബിയില്‍ നിന്നും നല്‍കും. 2,70, 687 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്ന് പുതിയ കെട്ടിട സമുച്ചയങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.

 

നിര്‍ദിഷ്ട ട്രോമയുടെയും ഒപിഡി ബ്ലോക്കിന്റെയും താഴത്തെ നിലയില്‍ എമര്‍ജന്‍സി മെഡിസിനും ട്രയേജും, പുനര്‍-ഉത്തേജനവും നിരീക്ഷണവും, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍, സെപ്റ്റിക് ഓപ്പറേഷന്‍ തിയേറ്റര്‍, റിക്കവറി ഒപി രജിസ്‌ട്രേഷന്‍, റേഡിയോളജി, ഫാര്‍മസി, ഓര്‍ത്തോ ഒപിഡി, നിരീക്ഷണം, ഫാസ്റ്റ് ട്രാക്ക് ഒപിഡി എന്നിവ ഉണ്ടായിരിക്കും.

 

ഒന്നാം നിലയില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐസിയു, സ്റ്റെപ്പ് ഡൗ ഐസിയു, ട്രോമ വാര്‍ഡുകള്‍, സെമിനാര്‍ റൂമുകള്‍, ഡ്യൂട്ടി ഡോക്ടറുടെ മുറി, സ്പെഷ്യാലിറ്റി/സൂപ്പര്‍ സ്പെഷ്യാലിറ്റി ഒപി സേവനങ്ങള്‍, ഇ-ഹെല്‍ത്ത്, ഭൂമിക എന്നിവ ഉണ്ടായിരിക്കും.

 

രണ്ടാം നിലയില്‍ ക്ലിനിക്കല്‍ ലബോറട്ടറി, ബ്ലഡ് ബാങ്ക്, സൂപ്പര്‍ സ്പെഷ്യാലിറ്റി ഒപി സേവനങ്ങളും മൂന്നാം നിലയില്‍ ഡേ കെയര്‍ കീമോതെറാപ്പി, ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കഫറ്റീരിയ എന്നിവയും ഉണ്ടായിരിക്കും.

 

സബ്സ്റ്റേഷന്‍, ഇലക്ട്രിക്കല്‍ റൂം, എയര്‍ കണ്ടീഷനിംഗ് സേവനങ്ങള്‍, കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ്, അഗ്‌നിശമന സംവിധാനം, പിഎ സിസ്റ്റം, എഞ്ചിനീയറിംഗ് ഡിവിഷന്‍ തുടങ്ങിയ എല്ലാ പിന്തുണാ സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


അഞ്ചുനില കെട്ടിടം നിര്‍മിക്കുന്നതിനായി ആശുപത്രിയിലെ നിലവിലുള്ള 12ഓളം പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും. 16 ഏക്കറിലാണ് ആശുപത്രി പ്രവര്‍ത്തനം നടക്കുന്നത്.

 

നിലവില്‍ ജനറല്‍ ആശുപത്രിയില്‍ 40,104.20 മീറ്റര്‍ വിസ്തൃതിയില്‍ 20ലധികം കെട്ടിടങ്ങളുണ്ട്, ഇതില്‍ 4,994 മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള 12 കെട്ടിടങ്ങളാണ് പദ്ധതിക്കായി പൊളിക്കേണ്ടത്.

 

പൊളിക്കേണ്ട 12 കെട്ടിടങ്ങളും പഴയ തിരുവിതാംകൂര്‍ സാമ്രാജ്യത്തിന്റെ കാലത്ത് നിര്‍മ്മിച്ചവയാണ്. കെട്ടിടങ്ങള്‍ ഏറെ പഴക്കമുള്ളതിനാല്‍ പുരാവസ്തു വകുപ്പിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു.

 

പൊളിക്കുന്നതിന് മുന്നോടിയായി, ലഭ്യമായ സ്ഥലത്ത് അനുയോജ്യമായ സ്ഥലങ്ങളിലേക്ക് സേവനങ്ങളും സൗകര്യങ്ങളും മാറ്റുന്നതിനുള്ള നടപടികള്‍ ആശുപത്രി ഭരണകൂടം ആരംഭിച്ചു.

 

സ്ഥലംമാറ്റത്തിനായി ദേശീയ ആരോഗ്യ ദൗത്യം ഒരു കോടി രൂപ അനുവദിച്ചു. കാഷ്വാലിറ്റി, ഓഫീസ്, ഐപി വാര്‍ഡ്, കീമോതെറാപ്പി യൂണിറ്റ്, ക്യാന്റീന്‍, റെസ്പിറേറ്ററി മെഡിസിന്‍ യൂണിറ്റ്, പീഡിയാട്രിക് ഒപി തുടങ്ങിയവ പേ വാര്‍ഡിലേക്കും മൂന്ന്, നാല് വാര്‍ഡുകളിലേക്കും മാറ്റും.

 

'കോവിഡ്-19 സമയത്ത് പേ വാര്‍ഡ് ഐസൊലേഷന്‍ സൗകര്യമായി ഉപയോഗിച്ചിരുന്നു. അത് ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. സൗകര്യങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

 

 

 

 

OTHER SECTIONS