ഗൗരവമുള്ള വിഷയത്തെ ചിരിയിൽ ലയിപ്പിച്ച് പരിഹാരം കണ്ടയാൾ, ഡോ. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത

By anil payyampalli.05 05 2021

imran-azhar 

തിരുവനന്തപുരം : എത്ര ഗൗരവമുള്ള വിഷയത്തെയും ചിരിയിൽ ലയിപ്പിച്ചാണ് ക്രിസോസ്റ്റം തിരുമേനി അവതരിപ്പിക്കുക. ജനിച്ചുവളർന്ന മണ്ണിൽ മാർത്തോമ്മാസഭ പണികഴിപ്പിച്ചുകൊടുത്ത വസതിയിൽ പൂക്കളോടും കിളികളോടും പരിചാരകരോടും സന്ദർശകരോടുമൊക്കെ സ്‌നേഹംപങ്കിട്ട് നർമ്മം പൊതിഞ്ഞ സ്‌നേഹവാക്കുകളിൽ ഉമ്മറപ്പടിയിലിരുന്ന് സ്വാഗതമോതുന്ന വലിയ മനുഷ്യൻ.

 

 

മാരാമണ്ണിൽ, വസതിയിലെ സ്വീകരണമുറിയിൽ ഏറെയൊന്നും കാണാത ഒരു ക്രൈസതവഫോട്ടോ ഭിത്തിയിൽ പതിപ്പിച്ചിട്ടുണ്ട്; ഒരുഗ്രൻ ഫലിതംകേട്ട് പൊട്ടിച്ചിരിക്കുന്ന യേശു!

 

ഫോട്ടൊയ്ക്ക് താഴെയിരുന്ന് യേശുവുമായുള്ള തന്റെ ബന്ധത്തെപ്പറ്റി അദ്ദേഹം പറഞ്ഞു: ''ഞാൻ ചെയ്യുന്ന ഒത്തിരിക്കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞയാളാണ് യേശു. എങ്കിലും യേശുവും ഞാനും തമ്മിലൊരു ബന്ധമുണ്ട്. രണ്ടുപേർക്കും സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല. പൊട്ടിച്ചിരിച്ച് അദ്ദേഹം തുടർന്നു.. ''യേശുവിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് അറിയാവുന്ന ആരോ ആണ് മൂന്നാറിലെ സർക്കാർഭൂമിയിൽ കുരിശ് സ്ഥാപിച്ചത്. നമ്മുടെ നാട്ടിൽ സ്വന്തമായി സ്ഥലമില്ലാത്തവർ അഭയംപ്രാപിക്കുന്നതെവിടെയാ? സർക്കാർ ഭൂമിയിലല്ലയോ? അതുകൊണ്ടാവും കൈയേറ്റക്കാർ സ്വന്തം ഭൂമിയിൽ വയ്ക്കാതെ സർക്കാർഭൂമിയിൽ കുരിശുകൊണ്ടുചെന്ന് നാട്ടിയത്.'

 

 

നാട്ടിൽ എറെ ആക്ഷേപമുയർത്തിയ ഒരു വിഷയത്തെ അദ്ദേഹം ഫലിതരൂപേണ നേരിടുമ്പോഴും അതിൽ ഒരുപാട് വാസ്തവങ്ങൾ നിറഞ്ഞിരുന്നുവെന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്.


പമ്പയാറിനുതീരത്തെ മാരാമൺ എന്ന ഗ്രാമം ചരിത്രത്തിൽ ഇടംപിടിച്ചത് 1895-ൽ ആരംഭിച്ച മാരാമൺ കൺവെൻഷനിലൂടെയാണ്. നൂറുവർഷംമുമ്പ് നടന്ന മാരാമൺ കൺവെൻഷനിലെ പ്രധാന പ്രഭാഷകൻ സാധു സുന്ദർസിങ് ആയിരുന്നു. ഉച്ചഭാഷിണിയില്ലാതിരുന്ന കാലം. സാധുവിന്റെ ഹിന്ദിപ്രസംഗത്തിന്റെ ഏകദേശപരിഭാഷ പന്തലിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉപദേശിമാർ ഏറ്റുപറയുന്നു. വടക്കേ ഇന്ത്യയിൽ സേവനത്തിനായി മിഷനറിമാരെ അയയ്ക്കണമെന്ന ആഹ്വാനത്തോടെയാണ് ആ പ്രസംഗം അവസാനിച്ചത്.

 

 

സദസ്സിന്റെ മുൻനിരയിലിരുന്ന മാർത്തോമ്മാ സുവിശേഷസംഘം സെക്രട്ടറി റവറന്റ് കെ.ഇ. ഉമ്മൻ സഹധർമിണി ശോശാമ്മയോട് സ്വകാര്യമായി പറഞ്ഞു: ''നമുക്കിനി ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ അവനെ സുവിശേഷവേലയ്ക്ക് അയയ്ക്കാം.''

 

 

ആദ്യജാതനായ ജോണിനുശേഷം ഒരു പെൺകുട്ടിയെ പ്രതീക്ഷിച്ചിരുന്ന ദമ്പതിമാരുടെ മനസ്സുമാറ്റിയത് സാധുവിന്റെ പ്രസംഗമാണ്. 1918 ഏപ്രിൽ 27-ന് ജനിച്ച ആൺകുട്ടിക്ക് അവർ ഫിലിപ്പ് (ധർമിഷ്ഠൻ) എന്നുപേരിട്ടു. ബിരുദപഠനത്തിനുശേഷം മാതാപിതാക്കളുടെ ആഗ്രഹവും സഭയുടെ ആവശ്യവും മനസ്സിലാക്കി കർണാടകയിലെ അങ്കോളയിൽ ഫിലിപ്പ് മിഷനറിയായി. പിന്നീട്
വൈദികനായി, ബിഷപ്പും സഭാധ്യക്ഷനുമായി. അപ്പനും അമ്മയും സ്വപ്നംകണ്ടതിനെക്കാൾ ഉന്നതിയിലെത്തിയ ആ പുത്രനാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത.

 

 


ബിരുദപഠനം പൂർത്തിയായപ്പോൾ അദ്ദേഹം ഗോപാലകൃഷ്ണഗോഖലെ സ്ഥാപിച്ച ഭാരതസേവാസംഘ (Servants of India Society) ത്തിൽ അംഗമാകാനാണ് ആഗ്രഹിച്ചത്. എന്നാൽ, അങ്കോള മിഷൻ പുനരുജ്ജീവിപ്പിക്കുന്നതിൽ പങ്കാളിയാകാനുള്ള പിതാവിന്റെ നിർദേശം അദ്ദേഹം ഒരു ദൈവവിളിയായി സ്വീകരിച്ചു.

 

അങ്കോളയിലെ ആദിവാസികളോടുകൂടെയും കാർവാറിലെ മുക്കുവരോടുകൂടെയും നാലുവർഷം സേവനംചെയ്തു. പുരോഹിതവൃത്തിയിലേക്കുള്ള ചവിട്ടുപടിയായിരുന്നു ആ മിഷനറിവേല. ഒരു നിയോഗംപോലെയാണ് പുരോഹിതനാകാനുള്ള ക്ഷണമെത്തിയത്. 1944-ൽ സഭയുടെ നിർദേശപ്രകാരം അദ്ദേഹം ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ ദൈവശാസ്ത്ര വിദ്യാർഥിയായി. അക്കാലത്ത് ബാംഗ്ലൂരിലെ സഭാംഗങ്ങൾക്ക് ഒരു വൈദികനെ ആവശ്യമായിവന്നു. ആ സ്ഥാനത്ത് അദ്ദേഹം നിയമിതനായി.


സഭാധ്യക്ഷന്റെ ക്ഷണം മേല്പട്ടസ്ഥാനത്തേക്കുള്ള ദൈവവിളിയായി മാറുന്നത് 1953 മേയ് 23-നാണ്. ജോൺ ക്രിസോസ്റ്റം എന്ന വിശുദ്ധന്റെ പേരാണ് ബിഷപ്പായപ്പോൾ സ്വീകരിച്ചത്: ആ പേരിനർഥം സ്വർണനാവുകാരൻ എന്നായിരുന്നു.

 

 


ജോർജ്ജ് ബർണാഡ് ഷാ യെന്ന പ്രതിഭയായിരുന്നു അദ്ദേഹത്തിന്റെ മാർഗ്ഗദർശിയായ എഴുത്തുകാരൻ. അതിനദ്ദേഹം പറഞ്ഞിരുന്ന ഉത്തരമിതായിരുന്നു:

 

 

'പ്രാർഥനയിൽപ്പോലും ദൈവവുമായി ഫലിതം പങ്കിടാറുണ്ട്. ദൈവം ഫലിതപ്രിയനാണ്'. ബർണാർഡ്ഷായുടെ എഴുത്തുകളിലൊരിടത്ത് ഇത് നിറഞ്ഞു നിന്നിരുന്നു.

 

രണ്ടുപേരും ദൈവവുമായി എന്നും സംസാരിച്ചിരുന്നവർ തന്നെ.

 


ശാസ്ത്രത്തേയും മതത്തേയും കുറിച്ച് വ്യക്തമായ ഒരു ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. ലോകപ്രശസ്തനായ ശാസ്ത്രജ്ഞൻ സർ സി.വി രാമനുമായുള്ള ബന്ധമാണ് അതിന്റെ തെളിവ്. അദ്ദേഹം പറഞ്ഞു

 

 

'ശാസ്ത്രവും മതവും ഭിന്നമല്ല, മനുഷ്യനന്മയാണ് രണ്ടിന്റെയും ലക്ഷ്യം എന്ന ദർശനം എനിക്ക് പകർന്നുനൽകിയത് സി.വി. രാമനാണ്. ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ സി.വി. രാമനുമായി പരിചയപ്പെടുന്നത് ബാംഗ്‌ളൂരിൽ വികാരിയായിരുന്ന കാലത്താണ്. സ്വതവേയുള്ള നർമത്തോടെ ഞാൻ സി.വി.രാമനോടുചോദിച്ചു. ഞാൻ നാട്ടിൽ മടങ്ങിച്ചെല്ലുമ്പോൾ സി.വി. രാമനുമായി പരിചയമുണ്ടെന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ട് അവരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി പ്രകാശത്തെപ്പറ്റി എന്തെങ്കിലും രഹസ്യം എനിക്ക് പറഞ്ഞുതരണമെന്ന്. സി.വി. രാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു: ''ഫാദർ, പ്രകാശം എന്താണെന്ന് ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കയാണ്. നാളെ വൈകുന്നേരം എന്റെ വീട്ടിൽവന്നാൽ എന്നെക്കാൾ നന്നായി പ്രകാശത്തെ അറിഞ്ഞ ഒരാളെ പരിചയപ്പെടുത്തിത്തരാം.''

 

പിറ്റേന്നു വൈകുന്നേരം ഞാൻ സി.വി. രാമന്റെ വീട്ടിലെത്തി. വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു കൊച്ചുപെൺകുട്ടി കൈയിൽ വിളക്കുമേന്തി ദീപം... ദീപം...എന്നുരുവിട്ടുകൊണ്ട് പൂമുഖത്തേക്കുവന്നു. അത് സി.വി. രാമന്റെ കൊച്ചുമകളായിരുന്നു. ആ വിളക്കിനുമുമ്പിൽ അവൾ സന്ധ്യാവന്ദനം നടത്തി. സി.വി.രാമൻ ആ കുട്ടിയെച്ചൂണ്ടി എന്നോടുപറഞ്ഞു: ''വെളിച്ചത്തെക്കുറിച്ച് എന്നെക്കാൾ നന്നായി അറിവുള്ളത് ഇവൾക്കാണ്. ഇവൾ മനസ്സിലാക്കിയതുപോലെ പ്രകാശത്തെ അറിയാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.''

 

ആ ശാസ്ത്രപ്രതിഭയുടെ വിനയവും ഈശ്വരചൈതന്യത്തോടുള്ള വിനീതഭാവവുമാണ് എന്നെ ആകർഷിച്ച രാമൻ ഇഫക്ട്.' 

OTHER SECTIONS