പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നീക്കം; ഫ്രാന്‍സില്‍ പ്രതിഷേധം ശക്തം

By Web Desk.22 03 2023

imran-azhar

 

പാരിസ്: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ ഫാന്‍സിന്‍ നടക്കുന്ന പ്രക്ഷോഭം തുടരുന്നു. നിലവിലുള്ള പെന്‍ഷന്‍ പ്രായമായ 62 വയസ്സില്‍ നിന്ന് 64 ആയാണ് ഉയര്‍ത്തുന്നത്. രണ്ടാഴ്ചയിലേറെയായി പ്രതിഷേധം തുടരുകയാണ്. പാര്‍ലമെന്റില്‍ വോട്ടെടുപ്പില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെയാണ് ഫ്രാന്‍സിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.

 

2017-ലെ ആദ്യ തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് പെന്‍ഷനുകള്‍ പരിഷ്‌ക്കരിക്കുക എന്നത്. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാവാതെ രണ്ടു തവണ മാറ്റിവച്ചു. ആദ്യം പ്രതിഷേധങ്ങളും പിന്നീട് കോവിഡ് മഹാമാരിയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് തടസ്സമായി.

 

 

സെപ്റ്റംബറില്‍ ആരംഭിച്ച്, വിരമിക്കല്‍ പ്രായം ക്രമേണ വര്‍ഷത്തില്‍ മൂന്ന് മാസം വര്‍ദ്ധിപ്പിക്കാനായിരുന്നു പദ്ധതി. 2027 ഓടെ ഇത് 63 വര്‍ഷവും മൂന്ന് മാസവും പിന്നീട് 2030-ല്‍ 64-ല്‍ എത്തും.

 

ജീവിതനിലവാരം, ജോലി-ജീവിത സന്തുലിതാവസ്ഥ, സൗകര്യപ്രദമായ വിരമിക്കല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഫ്രാന്‍സിന്റെ തൊഴില്‍ സംസ്‌കാരം. സാര്‍വത്രിക ആരോഗ്യ പരിരക്ഷയും ഉദാരമായ പെന്‍ഷനും കര്‍ശനമായി പാലിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഫ്രഞ്ച് ജനത. കഠിനാധ്വാനം ചെയ്യുക, ഉയര്‍ന്ന നികുതി അടയ്ക്കുക, താരതമ്യേന ചെറുപ്പത്തില്‍ തന്നെ വിരമിക്കുക ഇത് ഫ്രാന്‍സിന്റെ തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്.

 

 

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാന്‍സിന്റെ നിലവിലെ വിരമിക്കല്‍ പ്രായം 62 ആണ്. രാജ്യത്തെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ കാരണം ഇത് ഉയര്‍ത്തുന്നതിനെക്കുറിച്ച് മാക്രോണ്‍ വളരെക്കാലമായി പറയുന്നുണ്ട്.

 

ജനുവരി പകുതി മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഭൂരിഭാഗവും സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളായിരുന്നു.

 

 

വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രത്യേക ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിക്കുമെന്ന് മാര്‍ച്ച് 16 ന് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പ്രഖ്യാപിച്ചു. പിന്നാലെയാണ് പ്രതിക്ഷേധം രൂക്ഷമായത്.

 

പാര്‍ലമെന്റിന്റെ വോട്ടെടുപ്പ് കൂടാതെ വിവാദ കരട് ബില്‍ അംഗീകരിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 49.3 ഉപയോഗിക്കാന്‍ മാക്രോണ്‍ തീരുമാനിച്ചു. പെന്‍ഷന്‍ സമ്പ്രദായം തകരാതിരിക്കാന്‍ അത് ആവശ്യമാണെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.

 

ദേശീയ അസംബ്ലിക്ക് സമീപമുള്ള പ്ലേസ് ഡി ലാ കോണ്‍കോര്‍ഡില്‍ തീ കൊളുത്തി ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. പൗരന്മാരും തൊഴിലാളി യൂണിയനുകളും തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങി. മാക്രോണിന്റെ രാജിയും പ്രതിഷേധക്കാന്‍ ആവശ്യപ്പെട്ടു.

 

പ്രതിഷേധം രൂക്ഷമായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചിലയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയും ചെയ്തു. പ്രതിഷേധത്തിനിടെ രാജ്യത്തുടനീളം 500-ലധികം പേര്‍ അറസ്റ്റിലായി.

 

 

 

 

OTHER SECTIONS